ടെഹ്റാൻ/വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ യുഎസ്-ഇറാൻ സൈനിക സംഘർഷം കടുക്കുന്നതിനിടെ, ഇറാന്റെ തന്ത്രപ്രധാനമായ ചബഹാർ തുറമുഖത്തിന് നേരെ അമേരിക്കയുടെ വീണ്ടും മിസൈലാക്രമണം. ചബഹാറിലെ മാരിടൈം ട്രാഫിക് കൺട്രോൾ ടവറിനെ ലക്ഷ്യമിട്ടാണ് യുഎസ് പുതിയ മിസൈൽ വർഷം നടത്തിയത്. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ മെഹർ ആണ് ഈ വിവരം പുറത്തുവിട്ടത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് അമേരിക്കൻ സൈന്യം ഈ പ്രത്യേക നിയന്ത്രണ കേന്ദ്രത്തിന് നേരെ വ്യോമാക്രമണം നടത്തുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഒമാൻ ഉൾക്കടലിനോട് ചേർന്ന് കിടക്കുന്നതും ഇന്ത്യയുടെ തന്ത്രപ്രധാനമായ നിക്ഷേപമുള്ളതുമായ ചബഹാർ തുറമുഖത്തെ കൺട്രോൾ ടവറിന് നേരെ മുൻപും യുഎസ് മിസൈലുകൾ പതിച്ചിരുന്നു. മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കും സമുദ്ര വ്യാപാര നിരീക്ഷണത്തിനുമായി ഉപയോഗിക്കുന്ന സിവിൽ വാച്ച് ടവറിന് നേരെയാണ് യുഎസ് ആക്രമണം ഉണ്ടായതെന്ന് ഇറാന്റെ തുറമുഖ അതോറിറ്റി നേരത്തെ അറിയിച്ചിരുന്നു. പശ്ചിമേഷ്യയിലെ യുഎസ് വ്യോമതാവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾക്ക് തൊട്ടുപിന്നാലെയാണ് അമേരിക്കയുടെ ഈ തിരിച്ചടി.
ഇറാന്റെ തീരദേശ സൈനിക ശേഷിയും റഡാർ സംവിധാനങ്ങളും തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മേഖലകളിൽ യുഎസ് സെൻട്രൽ കമാൻഡ് ആക്രമണം ശക്തമാക്കിയിരിക്കുന്നത്. തുടർച്ചയായ ആക്രമണങ്ങൾ ചബഹാറിലെ തുറമുഖ പ്രവർത്തനങ്ങളെയും പ്രദേശത്തെ വൈദ്യുതി വിതരണത്തെയും സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.



