വെറും രണ്ട് റിയാലിന്റെ തർക്കം കൊലപാതകത്തിൽ കലാശിച്ചു; സഊദി പൗരന്റെ വധശിക്ഷ 20 ദിവസത്തിനകം നടപ്പാക്കും

റിയാദ്: സഊദി അറേബ്യയിൽ വെറും രണ്ട് റിയാലിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് വഴിയോരക്കച്ചവടക്കാരനെ കുത്തിക്കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ 20 ദിവസത്തിനുള്ളിൽ നടപ്പാക്കും. തണ്ണിമത്തൻ വിൽപ്പനയുമായി ബന്ധപ്പെട്ട് തെരുവിൽ വെച്ചുണ്ടായ നിസ്സാരമായ വാഗ്വാദമാണ് ഒടുവിൽ അതിദാരുണമായ കൊലപാതകത്തിലും വധശിക്ഷാ വിധിയിലുമെത്തിയത്. കച്ചവടക്കാരൻ പറഞ്ഞ വിലയേക്കാൾ രണ്ട് റിയാൽ അധികമാണെന്ന് പറഞ്ഞ് തുടങ്ങിയ തർക്കത്തിനൊടുവിലാണ് സഊദി പൗരനായ പ്രതി ക്രൂരമായ ഈ കൃത്യം ചെയ്തത്. പ്രതിക്ക് വിചാരണ കോടതി വിധിച്ച വധശിക്ഷ പിന്നീട് അപ്പീൽ കോടതിയും സുപ്രിം കോടതിയും ശരിവെച്ചതോടെയാണ് ഇപ്പോൾ ശിക്ഷ നടപ്പാക്കാനുള്ള അന്തിമ നടപടികളിലേക്ക് രാജ്യം കടക്കുന്നത്.

തന്റെ ജോലി സ്ഥലത്തു നിന്നും കാറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന സഊദി പൗരൻ വഴി വക്കിൽ തണ്ണിമത്തൻ വിൽക്കുന്നയാളെ കണ്ട് വില തിരക്കുകയായിരുന്നു. കച്ചവടക്കാരൻ ഒരു തണ്ണിമത്തന് 17 റിയാലാണ് വിലയായി ആവശ്യപ്പെട്ടത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഇതേ സാധനം താൻ 15 റിയാലിനാണ് വാങ്ങിയതെന്നും അതിനാൽ ഈ വില നൽകാൻ കഴിയില്ലെന്നും സഊദി പൗരൻ കച്ചവടക്കാരനോട് തർക്കിച്ചു. ഈ തുകയെച്ചൊല്ലി ഇരുവരും തമ്മിൽ തെരുവിൽ വെച്ച് നീണ്ട വാഗ്വാദവും കടുത്ത തർക്കവുമുണ്ടായി. വാക്കേറ്റം മൂത്തതോടെ, “ഇനി 100 റിയാൽ തന്നാൽ പോലും താൻ താങ്കൾക്ക് തണ്ണിമത്തൻ വിൽക്കില്ലെന്ന്” കച്ചവടക്കാരൻ ദൈവനാമത്തിൽ ആണയിട്ടു പറഞ്ഞു. ഇതിൽ പ്രകോപിതനും കോപാകുലനുമായ പ്രതി കത്തിയെടുത്ത് വിൽപ്പനക്കാരനെ കുത്തികൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തിന് തൊട്ടുപിന്നാലെ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി. കോടതികളിൽ നിന്ന് വധശിക്ഷാ വിധി സ്ഥിരീകരിച്ചതോടെ പ്രതിയുടെ ജീവിതം ജയിലറയ്ക്കുള്ളിലായി. നിമിഷ നേരം കൊണ്ട് നിയന്ത്രണം നഷ്ടപ്പെട്ട തന്റെ കടുത്ത കോപം സ്വന്തം ജീവിതം എങ്ങനെ കീഴ്‌മേൽ മറിച്ചുവെന്ന് ജയിൽ സെല്ലിലിരുന്ന് പ്രതി വിവരിക്കുന്ന ഒരു ഓഡിയോ ക്ലിപ്പ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിവേകശൂന്യമായ ഒരു നിമിഷം വരുത്തിവെച്ച വിനയെക്കുറിച്ചുള്ള പ്രതിയുടെ പശ്ചാത്താപം വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.

 

Related Articles

- Advertisement -spot_img

Latest Articles