ദുബൈ: പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം വീണ്ടും കടുത്തതോടെ തന്ത്രപ്രധാനമായ ഹോർമോസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതം കഴിഞ്ഞ മൂന്ന് ആഴ്ചയിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് കൂപ്പുകുത്തി. കപ്പലുകളുടെ ചലനം നിരീക്ഷിക്കുന്ന ആഗോള വെബ്സൈറ്റായ ‘മറൈൻ ട്രാഫിക്’ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരമാണ് ആഗോള സമുദ്ര വ്യാപാര പാതയിലെ ഈ വൻ ഇടിവ് രേഖപ്പെടുത്തിയത്. വ്യാഴാഴ്ച ഹോർമോസ് കടലിടുക്കിലെ നിരീക്ഷണ പരിധിയിലുള്ള പ്രദേശം വഴി വെറും എട്ട് കപ്പലുകൾ മാത്രമാണ് കടന്നുപോയതെന്ന് മറൈൻ ട്രാഫിക് സ്ഥിരീകരിച്ചു. തൊട്ടുമുമ്പത്തെ ദിവസം ഇതേ പാതയിലൂടെ 15 കപ്പലുകൾ സഞ്ചരിച്ചിരുന്ന സ്ഥാനത്താണിത്.
കടലിടുക്കിലൂടെ സർവീസ് നടത്തിയ ഈ എട്ട് കപ്പലുകളിൽ ഏഴെണ്ണവും ഇറാന്റെ നിയന്ത്രണത്തിലുള്ള വടക്കൻ സമുദ്രപാതയാണ് ഉപയോഗിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. സുരക്ഷാ ഭീഷണിയെ തുടർന്ന് ഒമാന്റെ തീരത്തോട് ചേർന്നുള്ള പാതയിലൂടെ ഒരു കപ്പൽ പോലും വ്യാഴാഴ്ച കടന്നുപോയിട്ടില്ല. കൂടാതെ, ഇന്ധനക്കടത്തിനായി അന്താരാഷ്ട്ര നിരീക്ഷണ സംവിധാനങ്ങൾ വെട്ടിച്ച് സഞ്ചരിക്കുന്ന അനധികൃത കപ്പലുകളുടെ നീക്കങ്ങളൊന്നും ഈ സമയത്ത് രേഖപ്പെടുത്തിയിട്ടുമില്ല. മേഖലയിൽ ഇരുവിഭാഗവും വ്യോമാക്രമണങ്ങളും മിസൈൽ വർഷവും ശക്തമാക്കിയതോടെ ഇൻഷുറൻസ് തുക വർദ്ധിച്ചതും സുരക്ഷാ ആശങ്കകളുമാണ് ചരക്കുകപ്പലുകൾ ഈ പാത പൂർണ്ണമായി ഒഴിവാക്കാൻ കാരണമായിരിക്കുന്നത്