അമ്മാൻ: പശ്ചിമേഷ്യയിൽ യുഎസ്-ഇറാൻ യുദ്ധം പ്രാദേശിക തലത്തിലേക്ക് വ്യാപിക്കുന്നതിനിടെ, ഇറാന്റെ പത്തോളം മിസൈലുകൾ ജോർദാൻ വ്യോമപ്രതിരോധ സേന വെടിവെച്ചിട്ടു. ശനിയാഴ്ച പുലർച്ചെ രാജ്യത്തിന്റെ വ്യോമാതിർത്തി ലംഘിച്ച് കടന്നുകയറിയ മിസൈലുകളാണ് തങ്ങളുടെ ഡിഫൻസ് സിസ്റ്റം വിജയകരമായി തകർത്തതെന്ന് ജോർദാൻ സൈന്യം ഔദ്യോഗികമായി അറിയിച്ചു. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് മേഖലയിലെ യുഎസ് സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് തൊടുത്ത മിസൈലുകളാണ് ജോർദാന് മുകളിലെത്തിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള മുൻകൂട്ടിയുള്ള പ്രതിരോധ നടപടികളുടെ ഭാഗമായാണ് ഈ മിസൈലുകൾ തകർത്തതെന്ന് സൈനിക വക്താവ് വ്യക്തമാക്കി. മിസൈലുകൾ ആകാശത്തുവെച്ച് തന്നെ തകർത്തതിനാൽ ജനവാസ മേഖലകളിൽ ആളപായമോ കാര്യമായ ഭൗതിക നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ആക്രമണത്തിന് പിന്നാലെ മിസൈലുകൾ തകർന്നു വീണ അവശിഷ്ടങ്ങൾ കണ്ടെത്തുന്നതിനും ആ പ്രദേശങ്ങൾ സുരക്ഷിതമാക്കുന്നതിനുമായി ജോർദാന്റെ റോയൽ എഞ്ചിനീയേഴ്സ് വിഭാഗം അടിയന്തരമായി രംഗത്തിറങ്ങിയിട്ടുണ്ട്. മുൻപും സമാനമായ രീതിയിൽ പ്രാദേശിക സംഘർഷങ്ങൾക്കിടെ തങ്ങളുടെ വ്യോമാതിർത്തി വഴി കടന്നുപോയ മിസൈലുകൾ ജോർദാൻ വെടിവെച്ചിട്ടിരുന്നു.



