ഫലസ്തീന് കൈത്താങ്ങായി യു.എ.ഇ; 100 ടൺ ദുരിതാശ്വാസ സാമഗ്രികളുമായി റാസൽ ഖൈമയിൽ നിന്നും വിമാനം ഗസ്സയിലേക്ക് തിരിച്ചു

റാസൽ ഖൈമ: യുദ്ധക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതയ്ക്ക് അടിയന്തര മാനുഷിക സഹായമെത്തിക്കുന്നതിനായുള്ള യു.എ.ഇയുടെ പ്രത്യേക ദുരിതാശ്വാസ വിമാനം ഗസ്സയിലേക്ക് തിരിച്ചു. യു.എ.ഇ ഭരണകൂടത്തിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടക്കുന്ന ‘ഓപറേഷൻ ഷിവലറസ് നൈറ്റ്-3’ പദ്ധതിയുടെ ഭാഗമായാണ് 100 ടൺ അവശ്യസാധനങ്ങളുമായി വിമാനം റാസൽ ഖൈമ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഗാസ മുനമ്പിലേക്ക് പുറപ്പെട്ടത്. യു.എ.ഇ ഭരണനേതൃത്വത്തിന്റെ പൂർണ്ണമായ പിന്തുണയോടെയും സഹകരണത്തോടെയുമാണ് ഈ വലിയ കാരുണ്യപ്രവർത്തിക്ക് രാജ്യം നേതൃത്വം നൽകുന്നത്.

പ്രമുഖ ആഗോള സന്നദ്ധ സംഘടനയായ എമിറേറ്റ്‌സ് റെഡ് ക്രസന്റ്, എമിറാത്തി-ഫലസ്തീൻ ഫ്രണ്ട്ഷിപ്പ് ക്ലബ്, ദാറുൽ ബിർ സൊസൈറ്റി എന്നിവരുടെ സംയുക്ത പങ്കാളിത്തത്തോടെയാണ് ഈ റിലീഫ് സാമഗ്രികൾ ചുരുങ്ങിയ സമയത്തിനുള്ളിൽ സമാഹരിച്ചത്. ഗസ്സയിലെ ഫലസ്തീനികളുടെ അടിയന്തര മാനുഷിക ആവശ്യങ്ങൾ നിറവേറ്റുന്നതിനും, പട്ടിണിയും രോഗങ്ങളും മൂലം ദുരിതത്തിലായ സാധാരണ കുടുംബങ്ങളെ താങ്ങിനിർത്തുന്നതിനുമായി ഈ സഹായങ്ങൾ അവിടെയുള്ള സന്നദ്ധ പ്രവർത്തകർ വഴി സുതാര്യമായി വിതരണം ചെയ്യും.

അപകടകരമായ സാഹചര്യത്തിൽ കഴിയുന്ന കുട്ടികൾക്കായുള്ള പ്രത്യേക പോഷകാഹാരങ്ങൾ, ജീവൻരക്ഷാ മരുന്നുകൾ, മറ്റ് അത്യാവശ്യ വസ്ത്രങ്ങൾ എന്നിവയാണ് ഈ ദുരിതാശ്വാസ വിമാനത്തിലുള്ള പ്രധാന ഉള്ളടക്കം. വരും ദിവസങ്ങളിലും കൂടുതൽ അവശ്യവസ്തുക്കൾ സമാഹരിച്ച് ഫലസ്തീൻ ജനതയിലേക്ക് നേരിട്ട് എത്തിച്ചുനൽകുന്ന പ്രക്രിയ തുടരുമെന്ന് ഓപറേഷൻ ഷിവലറസ് നൈറ്റ്-3 ന്റെ ദുരിതാശ്വാസ പ്രവർത്തന കോ-ഓർഡിനേറ്റർ ഹമ്മൂദ് അൽ അഫാരി ഔദ്യോഗികമായി അറിയിച്ചു. മുമ്പും നിരവധി തവണയാണ് യു.എ.ഇ ഇത്തരത്തിൽ വലിയ തോതിൽ ഫലസ്തീനിലേക്ക് സഹായഹസ്തവുമായി എത്തിയത്.

 

Related Articles

- Advertisement -spot_img

Latest Articles