കോഴിക്കോട്: ജില്ലയിലെ താഴെ കൂടരഞ്ഞിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരണപ്പെട്ടു. കൂടരഞ്ഞി പൂവാറംതോട് സ്വദേശി അഭിജിത്താണ് അപകടത്തിൽ കൊല്ലപ്പെട്ടത്. കൂടെ ബൈക്കിലുണ്ടായിരുന്ന സുഹൃത്തിന് പരുക്കേറ്റു.
വ്യാഴാഴ്ച പുലർച്ചെ 5.45 ഓടെയായിരുന്നു അപകടം സംഭവിച്ചത്. പൂവാറംതോട്ടിൽ നിന്ന് മുക്കത്തേക്ക് ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു അഭിജിത്തും സുഹൃത്തും. ഈ സമയം എതിർദിശയിൽ (മുക്കത്തുനിന്ന് കൂടരഞ്ഞിയിലേക്ക്) വരികയായിരുന്ന ആൾട്ടോ കാറിന്റെ മുൻവശത്തേക്ക് ഇവർ സഞ്ചരിച്ച ബൈക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ അഭിജിത്ത് സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു.



