ടെഹ്റാൻ: ഹോർമുസ് കടലിടുക്കിന്റെ ഭൂപടം പങ്കുവെച്ച് അത് ‘പുതിയ യു.എസ് പ്രദേശം’ എന്ന് വിശേഷിപ്പിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്കെതിരെ ശക്തമായ പ്രതികരണവുമായി ഇറാൻ. ട്രംപിന്റെ ഇത്തരം മിഥ്യാധാരണകൾ ഉടൻ തിരുത്തപ്പെടുമെന്നും, അതല്ലെങ്കിൽ ആ മിഥ്യാധാരണകൾ തങ്ങൾ തന്നെ തിരുത്തിക്കൊടുക്കുമെന്നും ഇറാന്റെ വിദേശകാര്യ ഉപമന്ത്രി (നിയമ-ആഗോള കാര്യങ്ങൾ) കാസിം ഗരീബാബാദി പ്രഖ്യാപിച്ചു.
ട്രൂത്ത് സോഷ്യൽ എന്ന പ്ലാറ്റ്ഫോമിലാണ് ഹോർമുസ് കടലിടുക്ക്, ഇറാന്റെ ചില ഭാഗങ്ങൾ, പേർഷ്യൻ ഉൾക്കടൽ, ഒമാൻ ഉൾക്കടൽ എന്നിവ ഉൾപ്പെടുന്ന ഭൂപടത്തിന്റെ ചിത്രം പങ്കുവെച്ച് ട്രംപ് വിവാദ കുറിപ്പിട്ടത്. ഹോർമുസ് കടലിടുക്കിന്റെ പരമാധികാരം ഇറാന് മാത്രമാണെന്നും, അമേരിക്കൻ ഉപരോധവും ഭീഷണികളും വകവെക്കാതെ അതിർത്തികളുടെ സംരക്ഷണം തുടരുമെന്നും ഗരീബാബാദി വ്യക്തമാക്കി.



