ഇമ്രാൻ ഖാനെ വിദഗ്ധ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റാൻ പാക് സുപ്രീം കോടതി ഉത്തരവ്

ഇസ്‌ലാമാബാദ്: അഴിമതിക്കേസുകളിൽ ശിക്ഷിക്കപ്പെട്ട് റാവൽപിണ്ടിയിലെ അദിയാല ജയിലിൽ കഴിയുന്ന മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റാൻ പാക് സുപ്രീം കോടതി ഉത്തരവിട്ടു. സർക്കാറിന്റെ ശക്തമായ എതിർപ്പുകൾ തള്ളിക്കൊണ്ടാണ് 48 മണിക്കൂറിനുള്ളിൽ അദ്ദേഹത്തെ ഇസ്‌ലാമാബാദിലെ ഷിഫ ഇന്റർനാഷണൽ ഹോസ്പിറ്റലിലേക്ക് മാറ്റാൻ കോടതി നിർദേശം നൽകിയത്. സെപ്റ്റംബർ 16 വരെ അദ്ദേഹം ആശുപത്രിയിൽ തുടരും. ഇമ്രാൻ ഖാന്റെ ആരോഗ്യനില വിലയിരുത്തുന്നതിനായി അദ്ദേഹത്തിന്റെ വ്യക്തിഗത ഡോക്ടറും സഹോദരി ഡോ. അലീമ ഖാനും ഉൾപ്പെടുന്ന പ്രത്യേക മെഡിക്കൽ ബോർഡും രൂപവത്കരിക്കും.

കോടതിയിൽ സമർപ്പിച്ച മെഡിക്കൽ രേഖകളിൽ രക്തസമ്മർദ്ദത്തിലെ ഏറ്റക്കുറച്ചിലുകൾ, ഹൃദയമിടിപ്പിലെ വ്യതിയാനങ്ങൾ, കടുത്ത മാനസിക സമ്മർദ്ദം എന്നിവ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് വർഷത്തിലേറെയായി ജയിലിൽ കഴിയുന്ന 73-കാരനായ ഇമ്രാൻ ഖാന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ജയിൽ അധികൃതർ അവകാശപ്പെട്ടിരുന്നെങ്കിലും, അദ്ദേഹത്തിന്റെ വലതുകണ്ണിന്റെ കാഴ്ചശക്തിയുടെ 85 ശതമാനത്തോളം നഷ്ടപ്പെട്ടതായി അഭിഭാഷകൻ വെളിപ്പെടുത്തിയിരുന്നു. കുടുംബവും പാർട്ടിയും നൽകിയ ഹരജികൾ പരിഗണിച്ചാണ് കോടതിയുടെ ഈ നിർണായക ഇടപെടൽ. കോടതി ഉത്തരവ് സ്വാഗതാർഹമാണെന്നും ഇമ്രാൻ ഖാന്റെ ആരോഗ്യം ഇത്രയധികം വഷളാകുന്നതിന് മുമ്പ് തന്നെ ഇത് സംഭവിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹത്തിന്റെ ഉപദേഷ്ടാവ് സുൽഫിക്കർ അലി ബുഖാരി പ്രതികരിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles