റിയാദ്: പ്രവാചകർ മുഹമ്മദ് നബിയുടെ ജന്മംകൊണ്ട് അനുഗ്രഹീതമായ ഈ പുണ്യ മാസത്തിൽ സാമ്പത്തികമായി പ്രയാസമനുഭവിക്കുന്ന റിയാദിലെ പ്രവാസികൾക്കായി സൗജന്യ ഉംറ പദ്ധതി പ്രഖ്യാപിച്ച് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) റിയാദ്. സംഘടനയുടെ ഉംറ വിങ് ആയ അൽ ഖുദ്സ് ഉംറ സർവീസ് വഴിയാണ് അർഹരാരായ 50 പേർക്ക് ഈ സൗകര്യം നൽകുന്നത്
തിരുനബി (സ്വ) മദീനാ സിയാറത്തും വിശുദ്ധ ഉംറയും ആഗ്രഹിക്കുകയും എന്നാൽ സാമ്പത്തിക പരിമിതികൾ കാരണം അത് സാധ്യമാകാതെ വരികയും ചെയ്യുന്ന അർഹരായ പ്രവാസികൾക്കാണ് ഈ സേവനം ലക്ഷ്യമിടുന്നത്. ഓഗസ്റ്റ് 15 മുതൽ സെപ്റ്റംബർ 15 വരെ യുള്ള കാലയളവിൽ യാത്ര, താമസം എന്നിവ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ പൂർണമായും സൗജന്യമായി ഒരുക്കുന്നതാണ്.
മുൻ വർഷങ്ങളിലും അൽ ഖുദ്സ് ഉംറ സർവീസിന്റെ നേതൃത്വത്തിൽ സമാനമായ നിരവധി കരുണാർദ്രമായ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിരുന്നു. പ്രവാസി സമൂഹത്തിലും നാട്ടിലുമായി വിവിധ ജീവകാരുണ്യ, സാന്ത്വന മേഖലകളിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തിവരുന്ന ഐ.സി.എഫ്, ആത്മീയമായ ആഗ്രഹങ്ങളുള്ള മനുഷ്യരെ ചേർത്തുപിടിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം സൽപ്രവർത്തനങ്ങൾ തുടർന്നുവരുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
വിശദവിവരങ്ങൾക്ക് താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. 055 992 1889, 056 754 1900



