ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവർക്കെതിരെയുണ്ടായ തുടർച്ചയായ തടങ്കൽ നടപടികളുടെ പശ്ചാത്തലത്തിൽ, ഡൽഹി പോലീസ് നിയമത്തിലെ 70-ാം വകുപ്പ് നിയമവൃത്തങ്ങൾക്കിടയിൽ വലിയ ചർച്ചയാകുന്നു. ഡൽഹിയിൽ പോലീസ് ഉദ്യോഗസ്ഥർ തന്നെ സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരായി ചുമതല വഹിക്കുകയും, വ്യക്തികളെ റിമാൻഡ് ചെയ്യാനും തടങ്കലിൽ വെക്കാനുമുള്ള അധികാരം വിനിയോഗിക്കുകയും ചെയ്യുന്ന വിചിത്രമായ സംവിധാനമാണ് വിമർശനങ്ങൾക്ക് വഴിവെക്കുന്നത്.
ജന്തർമന്തറിൽ അതിക്രമിച്ചുകയറി ദേശീയ പതാക വീശിയതിന് സി.ജെ.പി നേതാക്കളെ അറസ്റ്റ് ചെയ്തത് ഡൽഹി പോലീസായിരുന്നു. എന്നാൽ, ഇവരെ ഹാജരാക്കിയതാകട്ടെ പോലീസ് കമ്മീഷണറേറ്റ് ഉദ്യോഗസ്ഥൻ തന്നെ സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റായി ചുമതല വഹിക്കുന്ന പ്രത്യേക കോടതിക്ക് മുമ്പാകെയാണ്. ഈ കോടതി തന്നെയാണ് ഇരുവരെയും റിമാൻഡ് ചെയ്തതും കസ്റ്റഡി കാലാവധി നീട്ടിയതും. ഡൽഹി പോലീസ് നിയമത്തിലെ 70-ാം വകുപ്പ് നൽകുന്ന പ്രത്യേക വിജ്ഞാപനം അനുസരിച്ച് പോലീസ് കമ്മീഷണർ, അഡീഷണൽ കമ്മീഷണർ, ഡെപ്യൂട്ടി കമ്മീഷണർ, അസിസ്റ്റന്റ് കമ്മീഷണർ തുടങ്ങിയ ഉദ്യോഗസ്ഥർക്ക് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ അധികാരങ്ങൾ വിനിയോഗിക്കാൻ അനുമതിയുണ്ട്. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ (BNSS) ഒമ്പതാം അധ്യായത്തിലെ വ്യവസ്ഥകൾ ആധാരമാക്കിയാണ് സമാധാനലംഘന സാധ്യത ആരോപിക്കപ്പെടുന്നവർക്കെതിരെ ബോണ്ടുകൾ വാങ്ങാനും അത് ലംഘിച്ചാൽ തടങ്കലിലാക്കാനും ഇവർക്ക് അധികാരം ലഭിക്കുന്നത്.
സാധാരണഗതിയിൽ പോലീസ് നൽകുന്ന അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ ആവശ്യമാണോ എന്ന് പരിശോധിക്കേണ്ടത് നിഷ്പക്ഷനായ ഒരു എക്സിക്യൂട്ടീവ് മജിസ്ട്രേറ്റാണ്. എന്നാൽ, റിപ്പോർട്ട് നൽകുന്നതും അത് പരിശോധിച്ച് തീരുമാനമെടുക്കുന്നതും പോലീസ് ഉദ്യോഗസ്ഥർ തന്നെയാകുമ്പോൾ സ്വതന്ത്ര പരിശോധനയുടെ സാധ്യത പൂർണ്ണമായും ഇല്ലാതാകുന്നുവെന്നും, ഇത് ഏകപക്ഷീയമായ തടങ്കലുകളിലേക്കും അധികാരദുർവിനിയോഗത്തിലേക്കും നയിക്കുന്നുവെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 2023-ൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർമാർക്ക് ഇത്തരം മജിസ്ട്രീഷ്യൽ അധികാരങ്ങൾ നൽകുന്ന തമിഴ്നാട് സർക്കാരിന്റെ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന് വ്യക്തമാക്കി മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു. സുപ്രീം കോടതിയും സമാനമായ നിരവധി വിധികളിൽ ഈ അധികാര വിഭജനത്തെക്കുറിച്ച് കടുത്ത ആശങ്കകൾ രേഖപ്പെടുത്തിയിട്ടുണ്ട്.



