ഗാസക്ക് കൈത്താങ്ങായി സൗദി; ദിവസവും വിതരണം ചെയ്യുന്നത് ആയിരക്കണക്കിന് ഭക്ഷണപ്പൊതികൾ

റിയാദ്: മധ്യ-തെക്കൻ ഗാസയിലെ ജനങ്ങൾക്ക് സൗദി സഹായ ഏജൻസിയായ കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ (KSrelief) ദിവസേന ആയിരക്കണക്കിന് ചൂടുള്ള ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നു. ഗാസ മുനമ്പിലെ പലസ്തീൻ ജനതയെ പിന്തുണയ്ക്കുന്നതിനായി സൗദി അറേബ്യ നടത്തുന്ന ജനകീയ സഹായ ക്യാമ്പയിനിന്റെ ഭാഗമായാണ് ഏജൻസിയുടെ സെൻട്രൽ കിച്ചണിൽ (കേന്ദ്ര അടുക്കള) ഈ ഭക്ഷണം തയ്യാറാക്കുന്നത്. ഗാസയിലെ കെഎസ്‌റിലീഫിന്റെ നിർവ്വഹണ പങ്കാളിയായ സൗദി സെന്റർ ഫോർ കൾച്ചർ ആൻഡ് ഹെറിറ്റേജുമായി സഹകരിച്ചാണ് ഈ അടുക്കള പ്രവർത്തിക്കുന്നത്.

വെള്ളിയാഴ്ച മാത്രം ഇരു സംഘടനകളുടെയും പ്രവർത്തകർ ചേർന്ന് അർഹരായ കുടുംബങ്ങൾക്ക് 24,800 ചൂടുള്ള ഭക്ഷണപ്പൊതികൾ വിതരണം ചെയ്തതായി സൗദി പ്രസ് ഏജൻസി (SPA) റിപ്പോർട്ട് ചെയ്തു. ദേർ അൽ-ബലാഹ്, അൽ-ഖറാര തുടങ്ങിയ പ്രദേശങ്ങളിലെ കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഭക്ഷണം തയ്യാറാക്കുന്നത് മുതൽ ഉൽപ്പാദനത്തിലും വിതരണത്തിലും ഉടനീളം കർശനമായ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ട്.

ഗാസയെ സഹായിക്കുന്നതിനായി സൗദി അറേബ്യ തുടരുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ ഭക്ഷണവിതരണം. നവംബർ നാലിന്, ദുരിതബാധിത കുടുംബങ്ങളുടെ പാർപ്പിട-ഭക്ഷ്യ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ടെന്റുകളും ഭക്ഷ്യവസ്തുക്കൾ അടങ്ങിയ കിറ്റുകളുമായി സൗദി സഹായ വാഹനവ്യൂഹം ഗാസ മുനമ്പിൽ പ്രവേശിച്ചിരുന്നു. സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നിർദ്ദേശപ്രകാരം 2023 നവംബറിലാണ് കെഎസ്‌റിലീഫിന്റെ ‘സാഹെം’ (Sahem) പ്ലാറ്റ്‌ഫോം വഴി സൗദി അറേബ്യ ഗാസയ്ക്കായുള്ള ധനസമാഹരണ ക്യാമ്പയിൻ ആരംഭിച്ചത്.

Related Articles

- Advertisement -spot_img

Latest Articles