ദുരിതക്കടൽ കടന്നു അനിൽ നാട്ടിലെത്തി, തുടർ ചികിൽസ കോട്ടയം മെഡിക്കൽ കോളേജിൽ

ബുറൈദ : പക്ഷാഘാതം പിടിപെട്ട് ചികിൽസയിലായിരുന്ന അനിലിനെ നാട്ടിലെത്തിച്ചു. ജോലി ആവശ്യാർഥം ഖസീമിലെത്തിയ അനിലിനാണ് പക്ഷാഘാതം പിടിപെട്ട് ആശുപത്രിയില്‍ കഴിയേണ്ടിവന്നത്. ആലപ്പുഴ നൂറനാട് സ്വദേശി പുത്തന്‍വീട്ടില്‍ അനിലിനെയാണ് സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലിലൂടെ  നാട്ടിലെത്തിച്ചത്.

കഴിഞ്ഞ നവംബർ മാസത്തിലാണ് അല്‍ഖസീമിലെ ഒരു ഫാമില്‍ അനില്‍ ജോലിക്ക് വരുന്നത്. ജോലിക്കിടയിൽ  ഹൃദയാഘാതവും പക്ഷാഘാതവും വന്നതിനെ  തുടര്‍ന്ന് അല്‍ഖസീം കിംഗ് സൗദ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട്  മിദ്‌നബിലെ ജനറല്‍ ആശുപത്രിയിലേക്ക് മാട്ടുകയും ചെയ്തു. ആറു മാസമായി ശരീരം തളര്‍ന്ന് ആശുപത്രിയിൽ കഴിയുകയായിരുന്നു.

അനിലിനെ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി കുടുംബം കൊടിക്കുന്നില്‍ സുരേഷ് എംപിയെ ബന്ധപ്പെട്ട പ്രകാരം എം പി, റിയാദിലെ ഇന്ത്യന്‍ അംബാസഡര്‍ക്ക് കത്തെഴുതി. റിയാദിലെ സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാടും വിഷയത്തിൽ ഇടപെട്ടു. അനിലിനെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് എംബസിയും അല്‍ ഖസീമിലെ സാമൂഹിക പ്രവര്‍ത്തകരും കൊട്ടുകാടിനെ സഹായിച്ചു. കോഴിക്കോട് വിമാനത്താവളം വഴി നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ടിക്കറ്റ് എംബസി നൽകുകയും യാത്രയിൽ  ഇദ്ദേഹത്തെ  ശിഹാബ് കൊട്ടുകാട് അനുഗമിക്കുകയും ചെയ്തു.

കോഴിക്കോട് നിന്നും അനിലിനെ  കോട്ടയം മെഡിക്കല്‍ കോളേജിലേക്കാണ് കൊണ്ട് പോകുന്നത്. ആംബുലന്‍സ് ചെലവുകൾ നോര്‍ക്കയാണ് വഹിക്കുന്നത്. മിദ്‌നബ് ആശുപത്രിയിലെ നഴ്‌സ് അശ്വതിയും ഖസീമിലെ സാമൂഹിക പ്രവര്‍ത്തകന്‍ ഹരിലാലും എംബസി ഉദ്യോഗസ്ഥരും ശിഹാബ് കൊട്ടുകാടിന് വേണ്ട  സഹായങ്ങൾ  ചെയ്തുകൊടുത്തു.

Related Articles

- Advertisement -spot_img

Latest Articles