ഹായിൽ ഐസിഎഫ് ഐക്യദാർഢ്യ സദസ്; ‘ഓപ്പറേഷൻ തുഫാന്’ പിന്തുണ പ്രഖ്യാപിച്ചു

ഹായിൽ: കേരള സർക്കാരും ആഭ്യന്തര വകുപ്പും പോലീസും സംയുക്തമായി നടപ്പിലാക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിൻ ‘ഓപ്പറേഷൻ തുഫാന്’ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ ഹായിൽ റീജിയൻ ഐക്യദാർഢ്യ സദസ് സംഘടിപ്പിച്ചു.അറഫാ ദർബാർ ഹാളിൽ നടന്ന സദസ്സ് മുനീർ സഖാഫി വെണ്ണക്കോട് ഉദ്ഘാടനം ചെയ്തു. അഫ്സൽ കായംകുളം വിഷയാവതരണം നടത്തി.

മലയാളികൾക്കിടയിൽ, പ്രത്യേകിച്ച് യുവതലമുറയിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം അവസാനിപ്പിക്കുന്നതുവരെ ‘ഓപ്പറേഷൻ തുഫാൻ’ ക്യാമ്പയിൻ ശക്തമാക്കണമെന്ന് സദസ് ആവശ്യപ്പെട്ടു. പ്രവാസലോകത്തെ ഏറ്റവും വലിയ യുവജന പ്രസ്ഥാനമെന്ന നിലയിൽ ലഹരിക്കെതിരായ സർക്കാർ പോരാട്ടത്തിന് എല്ലാ പിന്തുണയും നൽകുമെന്നും ഐസിഫ് പ്രഖ്യാപിച്ചു.

അതേസമയം വീര്യം കുറഞ്ഞ മദ്യം തെരഞ്ഞെടുത്ത് വിതരണം ചെയ്യാനുള്ള കേരള സർക്കാരിന്റെ നിലപാടിൽ സദസ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പ്രവാസലോകത്ത് മലയാളികൾക്കിടയിൽ വർദ്ധിക്കുന്ന ലഹരി, മദ്യം, പലിശ ഇടപാടുകൾക്കെതിരെ എല്ലാ പ്രവാസി സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ ശക്തമായ ബോധവത്കരണ ക്യാമ്പയിൻ നടത്തണമെന്നും സദസ് ആവശ്യപ്പെട്ടു. പലിശക്കെണിയിലും ലഹരിക്കേസുകളിലും ഗൾഫിലെ വിവിധ ജയിലുകളിലുള്ള മലയാളികളുടെ കാര്യം ചൂണ്ടിക്കാട്ടിയാണ് ഈ ആവശ്യം ഉന്നയിച്ചത്.

സദസ്സിൽ രണ്ട് പ്രതിഷേധ പ്രമേയങ്ങൾ അവതരിപ്പിച്ചു. പാസ്പോർട്ട് പൗരത്വ രേഖയായി അംഗീകരിക്കില്ലെന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെയുള്ള പ്രമേയം ഹസൻ സഖാഫി ആറാട്ടുപുഴയും പാസ്പോർട്ട് പുതുക്കുന്നതിനും പുതിയത് എടുക്കുന്നതിനുമുള്ള ഫീസ് വർദ്ധന പിൻവലിക്കണമെന്ന ആവശ്യം ഉന്നയിക്കുന്ന പ്രമേയം ആർ എസ് സി ചെയർമാൻ ഷാജഹാൻ അസ്ലമിയും അവതരിപ്പിച്ചു. പാസ്പോർട്ട് ഫീസ് വർദ്ധന സാധാരണ പ്രവാസികളെ സാരമായി ബാധിക്കുമെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.

ഐസിഎഫ് ഹായിൽ റീജിയൻ പ്രസിഡന്റ് ബഷീർ സഅദി കിന്നിങ്ങർ അധ്യക്ഷത വഹിച്ചു. കേഎംസിസി പ്രതിനിധി ബാപ്പു എസ്റ്റേറ്റ് മുക്ക്, ഒഐസിസി പ്രതിനിധി ഹൈദർ അലി ഖാസിം, ഡ്രൈവേഴ്സ് കൂട്ടായ്മ പ്രതിനിധി സത്താർ പുന്നാട്, മർക്കസ് പ്രതിനിധി ബഷീർ നൂറാനി ജിദ്ദ, റഹീം തിരൂർ, ഹമീദ് വയനാട്, ഷാജി താമരശ്ശേരി, ഷാജി മാന്നാർ, അൻവർ അമാന, ഹാഷിം റഹ്മാനി തുടങ്ങിയവർ സംസാരിച്ചു. ഹമീദ് സഖാഫി കാടാച്ചിറ ചർച്ച നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി അബ്ദുസ്സലാം സഅദി ഒറ്റപ്പാലം സ്വാഗതവും നൗഫൽ പറക്കുന്ന് നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: അഫ്സൽ കായംകുളം

 

Related Articles

- Advertisement -spot_img

Latest Articles