ശബരിമല സ്വർണ്ണക്കൊള്ള: പ്രഭാമണ്ഡലത്തിലും ശിവരൂപത്തിലും സ്വർണ്ണം കവർന്നു.

കൊച്ചി: ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് അതീവ ഗുരുതരമായ കണ്ടെത്തലുകളടങ്ങിയ റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ സമർപ്പിച്ചു. സന്നിധാനത്തെ പ്രഭാമണ്ഡലത്തിലെ ഏഴ് പാളികളിലെ സ്വർണ്ണവും കട്ടിളയ്ക്ക് മുകളിലുള്ള ശിവരൂപം, വ്യാളി രൂപം എന്നിവയിൽ പൊതിഞ്ഞിരുന്ന സ്വർണ്ണവും പ്രതികൾ കവർന്നതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇത്തരത്തിൽ മോഷ്ടിച്ച സ്വർണ്ണം ചെന്നൈയിലെ ‘സ്മാർട്ട് ക്രിയേഷൻസ്’ എന്ന സ്ഥാപനത്തിൽ എത്തിച്ചാണ് വേർതിരിച്ചെടുത്തതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പ്രതികൾ ഇതുവരെ ഹാജരാക്കിയതിനേക്കാൾ കൂടുതൽ സ്വർണ്ണം ഇനിയും കണ്ടെത്താനുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും SIT കോടതിയെ അറിയിച്ചു.

കേസിലെ പ്രതിയും സ്മാർട്ട് ക്രിയേഷൻസ് സി.ഇ.ഒയുമായ പങ്കജ് ഭണ്ഡാരി പണിക്കൂലിയായി കൈപ്പറ്റിയ 109.243 ഗ്രാം സ്വർണ്ണം അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാക്കിയിട്ടുണ്ട്. മുൻ ശബരിമല മേൽശാന്തി ഉണ്ണികൃഷ്ണൻ പോറ്റി, പങ്കജ് ഭണ്ഡാരി, ഗോവർധൻ എന്നിവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിനായി സമർപ്പിച്ച അപേക്ഷയിലാണ് ഈ നിർണ്ണായക വിവരങ്ങളുള്ളത്. ദർശനപുണ്യം തേടി ഭക്തർ നൽകിയ സ്വർണ്ണ ഉരുപ്പടികളിൽ വൻതോതിൽ കൃത്രിമം നടന്നത് അതീവ ഗൗരവത്തോടെയാണ് കോടതിയും ഉദ്യോഗസ്ഥരും കാണുന്നത്. പ്രതികളെ കസ്റ്റഡിയിൽ ലഭിക്കുന്നതോടെ സ്വർണ്ണക്കൊള്ളയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

Related Articles

- Advertisement -spot_img

Latest Articles