ഇടുക്കിയിൽ വീട്ടമ്മ വീട്ടിനുള്ളിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം, ഭർത്താവിനായി തെരച്ചിൽ

ഇടുക്കി: ഇടുക്കി ഉപ്പുതറയിൽ വീട്ടമ്മയെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മത്തായിപ്പാറ സ്വദേശിനി രജനി (38) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സ്കൂൾ വിട്ട് വീട്ടിലെത്തിയ കുട്ടികളാണ് രജനിയെ കട്ടിലിൽ ചലനമറ്റ നിലയിൽ ആദ്യം കണ്ടത്. തുടർന്ന് കുട്ടികൾ അയൽവാസികളെ അറിയിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ രജനിയുടെ ഭർത്താവ് രതീഷ് ഒളിവിൽ പോയിരിക്കുകയാണ്. ഇയാൾക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. ദമ്പതികൾ തമ്മിൽ നിരന്തരം കലഹങ്ങൾ ഉണ്ടാകാറുണ്ടായിരുന്നുവെന്നും ഇതാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് സംശയിക്കുന്നു.

കൊലപാതകം നടന്ന ദിവസം ഉച്ചയ്ക്ക് ശേഷം രതീഷ് ഉപ്പുതറയിൽ നിന്ന് ബസിൽ കയറി പോകുന്നത് കണ്ടതായി നാട്ടുകാർ മൊഴി നൽകിയിട്ടുണ്ട്. ശാസ്ത്രീയ അന്വേഷണ വിഭാഗം സ്ഥലത്തെത്തി പരിശോധനകൾ നടത്തി. രതീഷിന്റെ മൊബൈൽ ടവർ കേന്ദ്രീകരിച്ചും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുമാണ് പോലീസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രാഥമികമായി വിലയിരുത്തുമ്പോഴും രതീഷിനെ പിടികൂടിയാൽ മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles