ഗസ: ഗസയ്ക്ക് മേൽ ഇസ്രായേൽ ഏർപ്പെടുത്തിയിരിക്കുന്ന വിനാശകരമായ സാമ്പത്തിക-നാവിക ഉപരോധം ഭേദിക്കാനായി പുറപ്പെട്ട പുതിയ ഫ്ലോട്ടില (സഹായക്കപ്പലുകൾ) ഇസ്രായേൽ സൈന്യം പിടിച്ചെടുത്തു. ആഗോള സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ ദുരിതമനുഭവിക്കുന്ന ഗസയിലെ ജനങ്ങൾക്ക് അടിയന്തരമായി മരുന്നും ഭക്ഷണവും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കപ്പലുകൾ യാത്ര തിരിച്ചത്. എന്നാൽ ഇവ ഇസ്രായേൽ സൈന്യം കസ്റ്റഡിയിലെടുത്ത വാർത്ത പുറത്തുവന്നതോടെ, കപ്പലിൽ ഉണ്ടായിരുന്ന രാജ്യാന്തര മനുഷ്യാവകാശ പ്രവർത്തകരുടെയും ജീവനക്കാരുടെയും സുരക്ഷയെക്കുറിച്ച് വലിയ ആശങ്കയാണ് ഗസയിലെ ജനങ്ങൾ പങ്കുവെക്കുന്നത്.
തങ്ങളുടെ അതിജീവനത്തിനായി സ്വന്തം ജീവൻ പോലും പണയപ്പെടുത്തി സഹായവുമായെത്തിയ സന്നദ്ധപ്രവർത്തകർ സുരക്ഷിതരായിരിക്കട്ടെ എന്ന് ഗസയിലെ ജനങ്ങൾ പ്രത്യാശ പ്രകടിപ്പിച്ചു. നിലവിൽ ഗസയിലെ സാഹചര്യങ്ങൾ അതീവ ഗുരുതരമായി തുടരുകയാണെന്നും ഇസ്രായേൽ നടപടിയിൽ ജനങ്ങൾക്കിടയിൽ കടുത്ത പ്രതിഷേധവും ആശങ്കയും നിലനിൽക്കുന്നുണ്ടെന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നു



