ഇറാനെതിരെയുള്ള ആക്രമണം ട്രംപ് മാറ്റിവെച്ചു; ഗൾഫ് നേതാക്കളുടെ ഇടപെടൽ നിർണ്ണായകം

വാഷിംഗ്ടൺ ഡി.സി/തെഹ്‌റാൻ: ഇറാനു നേരെ നാളെ നടത്താനിരുന്ന കടുത്ത സൈനിക ആക്രമണത്തിൽ നിന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് താൽക്കാലികമായി പിന്മാറി. മിഡിൽ ഈസ്റ്റിലെ പ്രമുഖ നേതാക്കളുടെ ശക്തമായ ഇടപെടലിനെത്തുടർന്നാണ് ഈ പിൻമാറ്റമെന്ന് ട്രംപ് തന്റെ ‘ട്രൂത്ത് സോഷ്യൽ’ അക്കൗണ്ടിലൂടെ വ്യക്തമാക്കി. നിലവിൽ ഇരുവിഭാഗവും തമ്മിൽ ഗൗരവമേറിയ സമാധാന ചർച്ചകൾ നടക്കുകയാണെന്നും അമേരിക്കയ്ക്കും മധ്യേഷ്യൻ രാജ്യങ്ങൾക്കും ഒരുപോലെ സ്വീകാര്യമായ ഒരു സുപ്രധാന കരാർ ഉടൻ രൂപപ്പെടുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ എന്നിവരുടെ നയതന്ത്ര ഇടപെടലുകളാണ് ആക്രമണ പദ്ധതിയിൽ നിന്നും പിന്തിരിയാൻ തന്നെ പ്രേരിപ്പിച്ചതെന്ന് ട്രംപ് കൂട്ടിച്ചേർത്തു.

ആക്രമണം തൽക്കാലം വേണ്ടെന്നു വെച്ചെങ്കിലും, സമാധാന ചർച്ചകൾ പരാജയപ്പെട്ടാൽ ഏതു നിമിഷവും ഇറാനു മേൽ വൻതോതിലുള്ള സൈനിക നടപടിയുമായി മുന്നോട്ടുപോകാൻ യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനും ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാനിയൽ കെയ്നിനും ട്രംപ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഫെബ്രുവരി 28-ന് ഇസ്രായേലിനൊപ്പം ചേർന്ന് അമേരിക്ക ഇറാനെ ആക്രമിച്ചതോടെയാണ് ഈ യുദ്ധം ആരംഭിച്ചത്. ആണവായുധങ്ങൾ നിർമ്മിക്കുന്നതിൽ നിന്നും ഇറാനെ തടയുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് ട്രംപ് ആവർത്തിക്കുമ്പോഴും, ചർച്ചകൾ വഴിമുടക്കാൻ തങ്ങൾ തയ്യാറല്ലെന്നും എന്നാൽ ഭീഷണിക്ക് മുന്നിൽ കീഴടങ്ങില്ലെന്നും ഇറാന്റെ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ വ്യക്തമാക്കി. ചർച്ചകൾ അന്തസ്സോടെയും രാജ്യത്തിന്റെ അവകാശങ്ങൾ സംരക്ഷിച്ചു കൊണ്ടുമായിരിക്കുമെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.

യുദ്ധം കാരണം ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നതും ഇന്ധനവില വർധിക്കുന്നതും അമേരിക്കയിൽ പണപ്പെരുപ്പം കൂട്ടുന്നത് വരാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ ട്രംപിന് വലിയ രാഷ്ട്രീയ ബാധ്യതയായി മാറിയിട്ടുണ്ട്. യുദ്ധം തെറ്റായ തീരുമാനമാണെന്ന് 64 ശതമാനം അമേരിക്കക്കാരും വിശ്വസിക്കുന്നതായി പുതിയ സർവ്വേകൾ വ്യക്തമാക്കുന്നു. ഇതിനകം 29 ബില്യൺ ഡോളറിലധികം അമേരിക്കയ്ക്ക് യുദ്ധച്ചെലവായിട്ടുണ്ട്. ഇതേത്തുടർന്ന്, വിപണിയിലെ എണ്ണക്ഷാമം പരിഹരിക്കുന്നതിനായി ഊർജ്ജ പ്രതിസന്ധി നേരിടുന്ന പാവപ്പെട്ട രാജ്യങ്ങൾക്ക് തടഞ്ഞുവെച്ചിരിക്കുന്ന റഷ്യൻ എണ്ണ താൽക്കാലികമായി ഉപയോഗിക്കാൻ 30 ദിവസത്തെ ഇളവ് അനുവദിക്കുന്നതായി യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് പ്രഖ്യാപിച്ചു.

Related Articles

- Advertisement -spot_img

Latest Articles