തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ജീവനക്കാർ ക്രൂരമായി മർദ്ദിച്ച കേസിൽ അഞ്ച് പേർ പ്രതികളെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. പിണറായി വിജയന്റെ ഗൺമാനായിരുന്ന അനിൽകുമാർ, സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ് എന്നിവർ ഉൾപ്പെടെ അഞ്ച് പേരാണ് നിലവിൽ പ്രതിപ്പട്ടികയിലുള്ളത്. വി.ഡി. സതീശൻ മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തിൽത്തന്നെ ഈ കേസിൽ കൃത്യമായ പുനരന്വേഷണം നടത്താൻ ഉത്തരവിട്ടിരുന്നു. ഇതിന്റെ തുടർച്ചയായി എസ്.ഐ.ടി അതിവേഗം അന്വേഷണം പൂർത്തിയാക്കി ആലപ്പുഴ മജിസ്‌ട്രേറ്റ് കോടതിയിൽ ഇടക്കാല റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു. പ്രതികളായ ഉദ്യോഗസ്ഥർക്കെതിരെ അടിയന്തര വകുപ്പുതല നടപടി സ്വീകരിക്കാൻ ആഭ്യന്തര വകുപ്പ് ഉടൻ തന്നെ ഡി.ജി.പിക്ക് നിർദ്ദേശം നൽകും.
യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസിന്റെ ആദ്യഘട്ടത്തിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരെ മാത്രമായിരുന്നു പോലീസ് പ്രതി ചേർത്തിരുന്നത്. എന്നാൽ, പുതിയ അന്വേഷണ സംഘം സംഭവത്തിന്റെ ദൃശ്യങ്ങൾ വിശദമായി പുനഃപരിശോധിച്ച ശേഷമാണ് മർദ്ദനത്തിൽ നേരിട്ട് പങ്കെടുത്ത മറ്റ് മൂന്ന് സുരക്ഷാ ജീവനക്കാരെക്കൂടി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. ആലപ്പുഴ ലോക്കൽ പോലീസിന്റെ കസ്റ്റഡിയിലുണ്ടായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെയാണ് ഈ ഉദ്യോഗസ്ഥർ വടികൊണ്ട് ക്രൂരമായി തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
അതേസമയം, പ്രതികളായ സുരക്ഷാ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതിനായി അന്ന് ക്രമസമാധാന ചുമതലയിലുണ്ടായിരുന്ന എ.ഡി.ജി.പി എം.ആർ. അജിത് കുമാർ കേസിന്റെ ആദ്യ കേസ് ഡയറിയിൽ ബോധപൂർവ്വം തിരുത്തലുകൾ വരുത്തിയെന്ന് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർ ഇപ്പോൾ എസ്.ഐ.ടിക്ക് മൊഴി നൽകിയിട്ടുണ്ട്. മുൻ സർക്കാരിന്റെ കാലത്ത് ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കേസ് അട്ടിമറിക്കാൻ ശ്രമിച്ചവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണമെന്ന് അന്ന് മർദ്ദനമേറ്റവരിൽ പ്രധാനിയും നിലവിലെ ആലപ്പുഴ എം.എ.എയുമായ എ.ഡി. തോമസ് ആവശ്യപ്പെട്ടു. എ.ഡി.ജി.പിക്കെതിരെയുള്ള ഉദ്യോഗസ്ഥരുടെ പുതിയ വെളിപ്പെടുത്തൽ വരുംദിവസങ്ങളിൽ പോലീസിനുള്ളിൽ വലിയ നടപടികൾക്ക് കാരണമായേക്കും.



