ലഖ്നൗ: ബലി പെരുന്നാളിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ, പശുവിനെ ഇന്ത്യയുടെ ‘ദേശീയ മൃഗമായി’ പ്രഖ്യാപിക്കണമെന്ന അപ്രതീക്ഷിത ആവശ്യവുമായി ഉത്തർപ്രദേശിലെ പ്രമുഖ മുസ്ലിം സംഘടനകൾ രംഗത്ത്. ഉത്തർപ്രദേശിലെ ജംഇയ്യത്തുൽ ഉലമായേ ഹിന്ദ് (അർഷദ് മദനി വിഭാഗം) പ്രസിഡന്റ് മൗലാനാ അർഷദ് മദനിയാണ് ഈ ആവശ്യം ആദ്യം മുന്നോട്ടുവെച്ചത്. ഇതിന് പിന്നാലെ അനുകൂല നിലപാടുമായി ഒട്ടനവധി മുസ്ലിം സംഘടനകൾ കൂടി രംഗത്തെത്തിയതോടെ വിഷയം ദേശീയതലത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്. പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കുന്നതിലൂടെ പശുഹത്യയുമായി ബന്ധപ്പെട്ട രാഷ്ട്രീയ ചൂഷണങ്ങൾ പൂർണ്ണമായി തടയാൻ സാധിക്കുമെന്നും ഇതിന്റെ പേരിൽ നിരപരാധികൾക്ക് നേരെ നടക്കുന്ന ആൾക്കൂട്ട കൊലപാതകങ്ങൾക്കും മറ്റ് അതിക്രമങ്ങൾക്കും ശാശ്വത പരിഹാരമുണ്ടാകുമെന്നുമാണ് സംഘടനകളുടെ വിലയിരുത്തൽ.
രാജ്യത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ളതും വലിയ തോതിൽ മുസ്ലിം ജനവിഭാഗം വസിക്കുന്നതുമായ ഉത്തർപ്രദേശിൽ സാധാരണയായി ഇത്തരം ആവശ്യങ്ങൾ ഹൈന്ദവ സംഘടനകളാണ് ഉന്നയിക്കാറുള്ളത്. എന്നാൽ, 2027-ൽ നടക്കാനിരിക്കുന്ന യു.പി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാന ബക്രീദ് വേളയിൽ മുസ്ലിം സമൂഹത്തിൽ നിന്ന് തന്നെ ഈ ആവശ്യം ഉയർന്നുവന്നതെന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്. അർഷദ് മദനിയുടെ ഈ പ്രസ്താവന ആദ്യമെത്തിയപ്പോൾ പശുവുമായി ബന്ധപ്പെട്ട ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരെയുള്ള ഒരു “ട്രോൾ” ആയിട്ടാണ് പലരും വിലയിരുത്തിയിരുന്നത്. എന്നാൽ, മറ്റ് പ്രമുഖ സംഘടനകൾ കൂടി ഇത് ഏറ്റെടുത്തതോടെ നീക്കത്തിന് പുതിയ ഗൗരവം കൈവന്നു. പശുവിനെ മാത്രമായി ദേശീയ മൃഗമായി പ്രഖ്യാപിക്കുമ്പോൾ അവയുടെ സംരക്ഷണം ഉറപ്പാകുമെന്നും, ഒപ്പം മറ്റ് മാടിനങ്ങളെ വിൽക്കുന്നതും കശാപ്പ് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് അറുതിയാകുമെന്നും സംഘടനകൾ കരുതുന്നു. മറ്റ് കന്നുകാലി ഇനങ്ങളെ കൊണ്ടുപോകുമ്പോഴുള്ള അനാവശ്യമായ ആൾക്കൂട്ട ആക്രമണങ്ങൾ ഇതുമൂലം ഇല്ലാതാകുമെന്നാണ് പലരും പ്രതീക്ഷ പങ്കുവെക്കുന്നത്. അതേസമയം, ഈ ആവശ്യം പുതിയതല്ലെന്നും 2014-ൽ മുംബൈയിൽ നടന്ന ഓൾ ഫെയ്ത്ത് കോൺഫറൻസിൽ അർഷദ് മദനി ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നും ജംഇയ്യത്തുൽ ഉലമായേ ഹിന്ദ് ഉത്തർപ്രദേശ് യൂണിറ്റിന്റെ നിയമോപദേഷ്ടാവ് മൗലാനാ കാബ് റാശിദി വ്യക്തമാക്കുന്നു.
അർഷദ് മദനിയുടെ ഈ ആവശ്യത്തെ ശക്തമായി പിന്തുണച്ചുകൊണ്ട് ഓൾ ഇന്ത്യ മുസ്ലിം ജമാഅത്ത് ദേശീയ പ്രസിഡന്റ് മൗലാനാ ഷഹാബുദ്ദീൻ റസ്വിയും രംഗത്തെത്തിയിട്ടുണ്ട്. ഈ വിഷയത്തിൽ വിവിധ മുസ്ലിം സംഘടനകൾക്കിടയിൽ ഒരു പൊതുഅഭിപ്രായം രൂപീകരിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഇതിനായി പ്രമുഖ സംഘടനകളുടെ യോഗം ഉടൻ തന്നെ ഡൽഹിയിൽ വിളിച്ചുചേർക്കുമെന്നും അദ്ദേഹം വാർത്താ ഏജൻസിയായ പി.ടി.ഐയോട് (PTI) പറഞ്ഞു. ഇതിനുശേഷം യോഗത്തിലെ പൊതുതീരുമാനം രേഖാമൂലം പ്രധാനമന്ത്രിയെയും ഉത്തർപ്രദേശ് മുഖ്യമന്ത്രിയെയും നേരിൽ കണ്ട് അറിയിക്കും. കേന്ദ്ര സർക്കാർ ഈ ആവശ്യത്തിന് ഉടൻ അംഗീകാരം നൽകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഓൾ ഇന്ത്യ ഖുറേഷി ജമാഅത്ത് പ്രസിഡന്റ് സിറാജ് ഖുറേഷി, ഓൾ ഇന്ത്യ ഷിയാ പേഴ്സണൽ ലോ ബോർഡ് നാഷണൽ ജനറൽ സെക്രട്ടറി മൗലാനാ യസൂബ് അബ്ബാസ്, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നാഷണൽ വൈസ് പ്രസിഡന്റ് കൗസർ ഹയാത് ഖാൻ, ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് സീനിയർ എക്സിക്യൂട്ടീവ് മെമ്പർ മൗലാനാ ഖാലിദ് റാഷിദ് ഫറങ്കി മഹാലി തുടങ്ങിയ നിരവധി പ്രമുഖ നേതാക്കളും പശുവിനെ ദേശീയമൃഗമാക്കണമെന്ന ഈ ആവശ്യത്തെ പരസ്യമായി പിന്തുണച്ചിട്ടുണ്ട്.



