കുവൈത്ത് സിറ്റി: രാജ്യത്തിന് നേരെ ഇന്ന് പുലർച്ചെയുണ്ടായ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് വിജയകരമായി പ്രതിരോധിച്ചതായി കുവൈത്ത് സൈന്യം ഔദ്യോഗികമായി അറിയിച്ചു. രാജ്യത്തിന്റെ വ്യോമാതിർത്തി ഭേദിച്ച് കടന്നുകയറാൻ ശ്രമിച്ച ശത്രുക്കളുടെ വ്യോമലക്ഷ്യങ്ങളെ സൈന്യം കൃത്യമായി തകർക്കുകയായിരുന്നുവെന്ന് കുവൈത്ത് ജനറൽ സ്റ്റാഫ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പുലർച്ചെ കേട്ട ശക്തമായ സ്ഫോടന ശബ്ദങ്ങൾ, ശത്രുക്കളുടെ ഡ്രോണുകളെയും മിസൈലുകളെയും പ്രതിരോധ സംവിധാനങ്ങൾ തകർത്തതിനെ തുടർന്നുണ്ടായതാണെന്ന് സൈനിക വൃത്തങ്ങൾ വിശദീകരിച്ചു. ആക്രമണത്തിൽ നാശനഷ്ടങ്ങളോ ആളപായമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. മേഖലയിൽ യു.എസ്-ഇറാൻ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ നടന്ന ഈ ആക്രമണം അതീവ ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്. ഔദ്യോഗിക ഏജൻസികൾ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കണമെന്നും ജാഗ്രത തുടരണമെന്നും പൗരന്മാരോടും താമസക്കാരോടും അധികൃതർ കർശനമായി ആവശ്യപ്പെട്ടിട്ടുണ്ട്.



