മാരക ലഹരിയുമായി രണ്ട് യുവാക്കൾ പിടിയിൽ; കൂടെയുണ്ടായിരുന്ന പെൺകുട്ടിയെ സി.ഡബ്ല്യു.സിക്ക് മുന്നിൽ ഹാജരാക്കി

മലപ്പുറം: മലപ്പുറം എടരിക്കോട് വെച്ച് പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിലായി. മഞ്ചേരി എളങ്കൂർ സ്വദേശി അനസ്, കോഴിച്ചെന പെരുമണ്ണ സ്വദേശി മുഹമ്മദ് ഷാനിൽ എന്നിവരെയാണ് കൽപകഞ്ചേരി പൊലിസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 1.24 ഗ്രാം എം.ഡി.എം.എയും ലഹരി കടത്താൻ ഉപയോഗിച്ച കാറും പൊലിസ് കസ്റ്റഡിയിലെടുത്തു. ലഹരിക്കടത്ത് സംഘത്തോടൊപ്പം കാറിലുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പൊലിസ് ചൈൽഡ് വെൽഫെയർ ബോർഡിന് മുന്നിൽ ഹാജരാക്കിയ ശേഷം പിന്നീട് മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു.

പ്രദേശത്ത് ലഹരിമരുന്ന് കടത്തുന്നുണ്ടെന്ന പശ്ചാത്തലത്തിൽ പൊലിസിന് മുൻകൂട്ടി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എടരിക്കോട് ഭാഗത്ത് കാർ തടഞ്ഞുനിർത്തി പരിശോധന നടത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ഇരു പ്രതികളെയും മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി നിലവിൽ റിമാൻഡ് ചെയ്തിട്ടുണ്ട്. ലഹരിക്കടത്ത് സംഘത്തോടൊപ്പം കണ്ടെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് വരുംദിവസങ്ങളിൽ അധികൃതരുടെ നേതൃത്വത്തിൽ വിദഗ്ധ കൗൺസിലിംഗ് നൽകുമെന്ന് വ്യക്തമാക്കിയ കൽപകഞ്ചേരി പൊലിസ്, സംഭവത്തിന് പിന്നിലെ മറ്റ് ലഹരി ശൃംഖലകളെ കണ്ടെത്താൻ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

 

Related Articles

- Advertisement -spot_img

Latest Articles