ആലപ്പുഴ: ഉസ്ബക്കിസ്ഥാനിൽ ക്രൂരമായി കൊല്ലപ്പെട്ട മലയാളി എം.ബി.ബി.എസ് വിദ്യാർഥിനി സാവരിയ ബസന്തിന്റെ (21) മരണത്തിൽ സഹപാഠിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. സാവരിയയുടെ ശരീരമാസകലം മർദ്ദനമേറ്റ പാടുകളും ചതവുകളും ഉണ്ടായിരുന്നുവെന്നും, മലപ്പുറം പുലാമന്തോൾ സ്വദേശിയായ സഹപാഠി സദറുൽ അനം നിരന്തരം മതപരിവർത്തനത്തിന് സമ്മർദ്ദം ചെലുത്തിയിരുന്നുവെന്നുമാണ് കുടുംബം വെളിപ്പെടുത്തിയത്. സംഭവത്തിൽ പ്രതിയായ സദറുൽ അനമിനെതിരെ (22) ഹരിപ്പാട് പൊലിസ് കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.
ഇരുവരും ഉസ്ബക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ഒന്നാം വർഷ വിദ്യാർഥികളായിരുന്നു. നിലവിൽ ഉസ്ബെക്ക് പൊലീസിന്റെ കസ്റ്റഡിയിലുള്ള പ്രതി, സാവരിയയെ മതപരിവർത്തനം നടത്താൻ നിരന്തരം പ്രേരിപ്പിച്ചിട്ടും അതിന് പെൺകുട്ടി തയ്യാറാകാതിരുന്നതാണ് അതിക്രമത്തിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. കാൽ മുതൽ തലവരെ ചതവുകളേറ്റ നിലയിലായിരുന്നു ശരീരം. തലയ്ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്ന് പ്രാഥമികമായി വ്യക്തമായിട്ടുണ്ടെങ്കിലും, കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ കാരണം പൂർണ്ണമായി വെളിപ്പെട്ടിട്ടില്ല.
ഉസ്ബക്കിസ്ഥാനിൽ നിന്ന് ഡൽഹി വഴി ഇന്ന് പുലർച്ചെ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. മൃതദേഹം കണ്ടപ്പോൾ ശരീരത്തിൽ കണ്ട നിരവധി മുറിവുകളും ചതവുകളും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സാവരിയയുടെ പിതാവ് ബസന്ത് ജില്ലാ പൊലിസ് മേധാവിക്ക് അടിയന്തര പരാതി നൽകി. പ്രതി മുൻപും മകളെ ക്രൂരമായി ഉപദ്രവിച്ചിരുന്നുവെന്ന് പരാതിയിൽ വ്യക്തമാക്കിയതിനെ തുടർന്ന്, ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ വെച്ച് മൃതദേഹം റീ-പോസ്റ്റുമോർട്ടത്തിന് വിധേയമാക്കി. റീ-പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി വൈകുന്നേരം നാല് മണിയോടെയാണ് സംസ്‌കാര ചടങ്ങുകൾ നടന്നത്.
കൊലപാതകം മറച്ചുവെക്കാൻ സാവരിയ താഴെ വീണ് പരിക്കേറ്റതാണെന്ന വ്യാജ കഥയുണ്ടാക്കിയാണ് പ്രതി പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ആദ്യഘട്ടത്തിൽ കുറ്റം സമ്മതിക്കാൻ വിസമ്മതിച്ച പ്രതിയെ, ഹോസ്റ്റലിലെ മറ്റ് സഹപാഠികൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബുഖാറ പോലീസ് കുടുക്കിയത്. പ്രതി മുൻപും സാവരിയയെ അതിക്രൂരമായി ഉപദ്രവിച്ചിരുന്നതായി ഹോസ്റ്റൽ സുഹൃത്തുക്കൾ പോലീസിന് മൊഴി നൽകിയിരുന്നു.
ഇന്ത്യയും ഉസ്ബെക്കിസ്ഥാനും തമ്മിലുള്ള കുറ്റവാളി കൈമാറ്റ കരാർ നിലവിലുള്ളതിനാൽ, ഇരയും പ്രതിയും ഇന്ത്യൻ പൗരന്മാരായ പശ്ചാത്തലത്തിൽ കേസിന്റെ വിചാരണ ഇന്ത്യയിലേക്ക് മാറ്റാൻ ബന്ധുക്കൾക്ക് ആവശ്യപ്പെടാമെന്ന് ഹരിപ്പാട് എസ്.എച്ച്.ഒ വി. ഷിബു അറിയിച്ചു. പ്രതിയുടെ കുടുംബവും വിചാരണ കേരളത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കേസിന്റെ തുടനടപടികൾക്കായി കേന്ദ്ര-സംസ്ഥാന ഏജൻസികളും വിദേശകാര്യ മന്ത്രാലയവും നിയമപരമായ സാധ്യതകൾ നിലവിൽ പരിശോധിച്ചു വരികയാണ്.



