ദമ്മാം: മരണാനന്തര കർമ്മങ്ങളെക്കുറിച്ചും ഇസ്‌ലാമിക രീതിയിലുള്ള മയ്യിത്ത് പരിപാലനത്തെക്കുറിച്ചും കൃത്യമായ അറിവ് പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെ ഐ.ഐ.സി.ഡി യൂത്തിന്റെ ‘യുവപഥം’ വേദിയുടെ ആഭിമുഖ്യത്തിൽ പ്രായോഗിക പഠന ക്ലാസ്സ് സംഘടിപ്പിച്ചു. ഇന്ത്യൻ ഇസ്‌ലാഹി സെൻ്റർ ദമ്മാം ൽ വെച്ച് നടന്ന പരിപാടിയിൽ പ്രമുഖ പണ്ഡിതൻ അബ്ദു സുബ്ഹാൻ സ്വലാഹി ക്ലാസ്സിന് നേതൃത്വം നൽകി.
ഒരു വിശ്വാസിയുടെ മരണാനന്തര ചടങ്ങുകൾ എങ്ങനെ സുന്നത്തായ രീതിയിൽ പൂർത്തിയാക്കാം എന്ന് നേരിട്ട് കണ്ടു മനസ്സിലാക്കാൻ സാധിക്കുന്ന വിധത്തിലാണ് പ്രായോഗിക സെഷൻ ക്രമീകരിച്ചിരുന്നത്. മയ്യിത്ത് കുളിപ്പിക്കുന്നതും കഫൻ ചെയ്യുന്നതുമുൾപ്പെടെയുള്ള കാര്യങ്ങൾ അദ്ദേഹം വിശദമായി കാണിച്ചുതന്നു. പ്രവാസ ലോകത്തെ നിരവധി യുവാക്കളും മുതിർന്നവരും ഈ സുവർണ്ണാവസരം പ്രയോജനപ്പെടുത്താൻ പരിപാടിയിൽ പങ്കെടുത്തു.
പ്രോഗ്രാമിൽ അബ്ദുൽ റഹ്മാൻ സ്വാഗത പ്രസംഗം നടത്തി. തുടർന്ന് പരിപാടിക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് അസാൻ, യാസിർ, മുഹമ്മദ് ലൗസ് എന്നിവർ സംസാരിച്ചു. പരിപാടിയുടെ വിജയകരമായ സമാപനത്തിന് ഫായിസ് നന്ദി പ്രകാശനം നിർവഹിച്ചു.



