കണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസിലെ നിയമപോരാട്ടത്തിൽ ആദ്യം മുതൽ അവസാനം വരെ കൂടെ നിന്ന എല്ലാവരോടും നന്ദി രേഖപ്പെടുത്തി സഹോദരൻ ദാവൂദ് മുഹമ്മദ്. വിചാരണ കോടതി വിധിയിൽ നിരാശപ്പെടേണ്ടതില്ലെന്നും, ഒന്നും ഒന്നിന്റെയും അവസാന വാക്കല്ലെന്നും, സുപ്രീംകോടതിയുള്ള കാലത്തോളം പ്രതീക്ഷ കൈവിടരുതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. 18 പ്രതികളെ വെറുതെവിട്ട പ്രത്യേക സി.ബി.ഐ കോടതി വിധിക്കെതിരെ നിയമപോരാട്ടം തുടരാനാണ് കുടുംബത്തിന്റെ തീരുമാനം.
വിചാരണ കോടതിയിൽ നിന്ന് ഇതിനേക്കാൾ മികച്ചൊരു വിധി പ്രതീക്ഷിച്ചിരുന്നതായും കുടുംബം അത് അർഹിച്ചിരുന്നതായും ദാവൂദ് ഫേസ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടി. “ഏത് സാഹചര്യത്തിലാണ് ഇങ്ങനെയൊരു വിധിയുണ്ടായതെന്ന് പരിശോധിക്കപ്പെടണം, അതിനെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കുന്നില്ല. പാർട്ടി അവസാനം വരെ കൂടെയുണ്ടായിരുന്നു. സോഷ്യൽ മീഡിയ മേസ്തിരിമാർക്ക് എന്തും പറയാം; അവരുടെ ലക്ഷ്യം ഷുക്കൂറിനോടുള്ള സ്നേഹമാകണമെന്നില്ല, അത് കരുതിയിരിക്കുക” – അദ്ദേഹം കുറിച്ചു. 14 വർഷത്തോളം നീണ്ട നിയമപോരാട്ടത്തിൽ ഒപ്പം നിന്ന പാർട്ടി നേതൃത്വത്തിനും നാട്ടുകാർക്കും സുഹൃത്തുക്കൾക്കും പ്രാർത്ഥിച്ച കേരള മനസ്സാക്ഷിക്കും നന്ദിയുണ്ടെന്ന് വ്യക്തമാക്കിയ ദാവൂദ്, “അവന്റെ സമയത്തിനായി കാത്തുനിൽക്കുക” എന്ന് കുറിച്ചുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിച്ചത്.
2012 ഫെബ്രുവരി 20-ന് ഷുക്കൂർ കൊല്ലപ്പെട്ട അന്നുമുതൽ മാതാവ് പി.സി. ആത്തിക്കയും കുടുംബവും നിയമപോരാട്ടത്തിലായിരുന്നു. ഗൂഢാലോചന നടത്തിയവർ ജാമ്യത്തിലിറങ്ങിയതോടെയാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തിയത്. 2013 ഡിസംബർ 10-ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള സർക്കാർ കേസ് സി.ബി.ഐക്ക് കൈമാറാൻ ഉത്തരവിട്ടെങ്കിലും അന്വേഷണം ഏറ്റെടുക്കാൻ ഏജൻസി തയ്യാറായില്ല. തുടർന്ന് കുടുംബം ഹൈക്കോടതിയെ സമീപിക്കുകയും, 2016 ഫെബ്രുവരി എട്ടിന് ജസ്റ്റിസ് കെമാൽ പാഷ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു.
2016 ഏപ്രിൽ നാലിന് അന്വേഷണം ആരംഭിച്ച സി.ബി.ഐ, 2019 ഫെബ്രുവരി 11-ന് പി. ജയരാജനും ടി.വി. രാജേഷിനുമെതിരെ കൊലപാതക ഗൂഢാലോചനക്കുറ്റം ചുമത്തി കുറ്റപത്രം സമർപ്പിച്ചു. 2020-ൽ വിചാരണ കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയിലേക്ക് മാറ്റുകയും 2025-ൽ വിചാരണ നടപടികൾ ആരംഭിക്കുകയും ചെയ്തു. വ്യാഴാഴ്ചയാണ് കേസിൽ പ്രത്യേക കോടതി വിധി പ്രസ്താവിച്ചത്.



