പ്രതികൾക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ ബിൽക്കീസ് ബാനുവും കുടുംബവും ഗുജറാത്ത് വിട്ടു

ന്യൂഡൽഹി: ബിൽക്കീസ് ബാനു കൂട്ടബലാത്സംഗക്കേസിലെ രണ്ട് പ്രതികൾക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ ബിൽക്കീസ് ബാനുവും കുടുംബവും ഗുജറാത്ത് വിട്ടതായി ബന്ധുക്കൾ വെളിപ്പെടുത്തി. സുപ്രീം കോടതിയുടെ ഉത്തരവ് വലിയ ഭയവും ഞെട്ടലുമാണ് ഉണ്ടാക്കിയതെന്ന് ബിൽക്കീസ് നേരത്തെ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെ നവംബർ ആദ്യവാരത്തോടെ കുടുംബം സുരക്ഷാകാരണങ്ങളാൽ സംസ്ഥാനം വിട്ടതായാണ് വിവരം.

കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ബിപിൻ ചന്ദ് കനയ്യലാൽ ജോഷി, പ്രദീപ് രാമൻലാൽ മോഡിയ എന്നിവരുടെ ശിക്ഷ മരവിപ്പിച്ചാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. 2017 മെയ് നാലിന് ബോംബെ ഹൈക്കോടതി ശരിവെച്ച ശിക്ഷയ്ക്കെതിരെ ഇവർ നൽകിയ അപ്പീലിൽ വസ്തുതാപരമായും നിയമപരമായും തീരുമാനിക്കേണ്ട വിഷയങ്ങൾ അവശേഷിക്കുന്നുണ്ടെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ ഈ നടപടി.

പ്രതികൾ 17 വർഷത്തിലേറെയായി തടവിൽ കഴിയുകയാണെന്നും, ഇതിലൊരാളുടെ പേര് പ്രാഥമിക എഫ്.ഐ.ആറിൽ ഉൾപ്പെട്ടിരുന്നില്ലെന്നും പ്രതിഭാഗം അഭിഭാഷകൻ സിദ്ധാർഥ് ലൂത്ര വാദിച്ചു. സംഭവത്തിന് മൂന്ന് വർഷത്തിന് ശേഷമാണ് ഇയാളെ പ്രതിചേർത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുറ്റകൃത്യത്തിന്റെ ഗൗരവവും കീഴ്ക്കോടതികൾ ശരിവെച്ച തെളിവുകളും പരിഗണിക്കണമെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ രാജാ താക്കറെ വാദിച്ചെങ്കിലും കോടതി ശിക്ഷ മരവിപ്പിക്കുകയായിരുന്നു. ജാമ്യവ്യവസ്ഥകൾ വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്നും അപ്പീലുകൾ പിന്നീട് പരിഗണിക്കുമെന്നും ബെഞ്ച് വ്യക്തമാക്കി.

Related Articles

- Advertisement -spot_img

Latest Articles