ക്യാമറയും മൈക്കും തൂക്കി നടക്കുന്ന എല്ലാവരെയും മാധ്യമപ്രവർത്തകരായി അംഗീകരിക്കാനാവില്ലെന്ന് ഡൽഹി പൊലീസ്

ന്യൂഡൽഹി: ക്യാമറയും മൈക്കും തൂക്കി നടക്കുന്ന എല്ലാവരെയും മാധ്യമപ്രവർത്തകരായി കണക്കാക്കാൻ കഴിയില്ലെന്ന് ഡൽഹി പൊലീസ് സുപ്രീം കോടതിയിൽ. കണ്ടന്റ് ക്രിയേറ്റർമാരെയും യൂട്യൂബർമാരെയും യഥാർത്ഥ മാധ്യമപ്രവർത്തകരായി അംഗീകരിക്കാനാവില്ലെന്നും, പ്രതിഷേധ സ്ഥലങ്ങളിൽ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർക്ക് സുപ്രീം കോടതി അനുവദിച്ച പ്രത്യേക നിയമപരിരക്ഷ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കും റീൽ മേക്കർമാർക്കും അവകാശപ്പെടാനാവില്ലെന്നും പൊലീസ് വ്യക്തമാക്കി.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധങ്ങൾക്കിടെ മാധ്യമപ്രവർത്തകരെ പൊലീസ് മർദിക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തുവെന്ന് കാണിച്ച് മാധ്യമ സംഘടനകൾ നൽകിയ ഹർജികൾക്ക് മറുപടിയായി സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഡൽഹി പൊലീസിന്റെ ഈ പരാമർശം. വാർത്താ ശേഖരണത്തിന് ഇൻഫ്ലുവൻസർമാർക്ക് അവകാശമുണ്ടെങ്കിലും, ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനുള്ള പൊലീസ് നിർദ്ദേശങ്ങളും പൊതുനിയമങ്ങളും ഇവർക്കും ബാധകമാണെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.

സാമ്പത്തിക ലാഭത്തിനും സോഷ്യൽ മീഡിയ പ്രചാരത്തിനുമായി റീലുകൾ നിർമ്മിക്കുന്നവരെ ഔദ്യോഗിക മാധ്യമപ്രവർത്തകർക്ക് തുല്യമായി കാണാനാവില്ലെന്ന് പൊലീസ് വാദിച്ചു. ക്യാമറയും മൈക്കുമായി എത്തുന്ന റീൽ മേക്കർമാരും പ്രതിഷേധക്കാരും കാരണം യഥാർത്ഥ മാധ്യമപ്രവർത്തകരെ തിരിച്ചറിയാൻ പൊലീസിന് പ്രയാസമുണ്ടാകുന്നുണ്ടെന്നും, ആളുമാറി കസ്റ്റഡിയിലെടുത്ത മാധ്യമപ്രവർത്തകരെ തിരിച്ചറിയൽ രേഖകൾ പരിശോധിച്ച ഉടൻ വിട്ടയച്ചിരുന്നുവെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. അതേസമയം, പി.ഐ.ബി അക്രഡിറ്റേഷൻ ഇല്ലാത്തതുകൊണ്ട് മാത്രം ഒരാളുടെ മാധ്യമപ്രവർത്തന സ്വാതന്ത്ര്യം നിഷേധിക്കില്ലെന്നും മാധ്യമ സ്ഥാപനങ്ങൾ നൽകുന്ന തിരിച്ചറിയൽ കാർഡുകൾ അംഗീകരിക്കുമെന്നും പൊലീസ് അറിയിച്ചു. നെറ്റ്‌വർക്ക് ഓഫ് വിമൻ ഇൻ മീഡിയ, കേരള പത്രപ്രവർത്തക യൂണിയൻ, ഡൽഹി യൂണിയൻ ഓഫ് ജേണലിസ്റ്റ്സ് തുടങ്ങിയ സംഘടനകളാണ് പൊലീസ് നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്.

Related Articles

- Advertisement -spot_img

Latest Articles