അരിയിൽ ഷുക്കൂർ വധക്കേസ്: സാക്ഷികളെ ഭീഷണിപ്പെടുത്തിയത് തിരിച്ചടിയായി; അപ്പീൽ പോകുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: അരിയിൽ ഷുക്കൂർ വധക്കേസിൽ സി.പി.എം നേതാക്കളായ പി. ജയരാജനെയും ടി.വി. രാജേഷിനെയും ഗൂഢാലോചനക്കുറ്റത്തിൽ നിന്ന് കോടതി കുറ്റവിമുക്തരാക്കിയതിനെതിരെ അപ്പീൽ പോകുമെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. സാക്ഷികളെ കടുത്ത രീതിയിൽ ഭീഷണിപ്പെടുത്തിയതും ഭയം കാരണം അവർ കോടതിയിൽ ഹാജരാകാതിരുന്നതുമാണ് കേസിൽ തിരിച്ചടിയായതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഗൂഢാലോചനക്കുറ്റം തള്ളിയതിനെതിരെ നിയമപരമായി അവസാനം വരെ പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഷുക്കൂർ എന്ന ചെറിയ ബാലനെ വിളിച്ചിറക്കി കൊണ്ടുവന്ന് മൃഗീയമായും പൈശാചികമായും കൊലപ്പെടുത്തുകയായിരുന്നുവെന്ന് കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. ഇതൊരു യാദൃശ്ചിക സംഭവമല്ലെന്നും കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കിയ കൊലപാതകമാണെന്ന കാര്യത്തിൽ ആർക്കും സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും ആസൂത്രിതമായ ഒരു കൊലപാതകം ആരുടെയെങ്കിലും ബുദ്ധിയിൽ ഉദിക്കാതെ സംഭവിക്കില്ലെന്നും ഇതിന് പിന്നിൽ കൃത്യമായ ഗൂഢാലോചനയുണ്ടെന്നത് പകൽപോലെ വ്യക്തമാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

കേസിലെ സാക്ഷികൾക്ക് നേരെ കടുത്ത ഭീഷണിയുണ്ടായിരുന്നു എന്നത് നഗ്നമായ യാഥാർത്ഥ്യമാണെന്ന് അദ്ദേഹം ആരോപിച്ചു. പല സാക്ഷികളും കോടതി മുറ്റത്ത് എത്തിയ ശേഷം ഭയം കാരണം മൊഴി നൽകാതെ മടങ്ങിപ്പോയ കാര്യം മാധ്യമങ്ങൾ തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സാക്ഷികൾ ഭയപ്പെട്ട് കോടതിയിൽ വരാതിരുന്നതിനെ ചിലർ ഇപ്പോൾ ദുർവ്യാഖ്യാനം ചെയ്യുകയാണ്. വിധിയുടെ പൂർണ്ണരൂപം ലഭിച്ച ശേഷം പാർട്ടി കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കുമെന്നും, ശിക്ഷിക്കപ്പെട്ടവർക്ക് മതിയായ ശിക്ഷ ലഭിച്ചിട്ടുണ്ടോ എന്ന് വിധിന്യായം വിശദമായി പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles