പശ്ചിമേഷ്യയിൽ യു.എസ് നാവികസേനയുടെ സാന്നിധ്യം കുറയുന്നു; വിമാനവാഹിനിക്കപ്പൽ ‘ജോർജ് വാഷിങ്ടൺ’ മേഖല വിട്ടു

വാഷിങ്ടൺ: മൂന്ന് മാസത്തെ വിന്യാസത്തിന് ശേഷം അമേരിക്കൻ വിമാനവാഹിനിക്കപ്പലായ യു.എസ്.എസ് ജോർജ് വാഷിങ്ടൺ പശ്ചിമേഷ്യയിൽ നിന്ന് മടങ്ങിയതോടെ മേഖലയിലെ യു.എസ് വിമാനവാഹിനിക്കപ്പലുകളുടെ എണ്ണം മൂന്നിൽ നിന്ന് രണ്ടായി കുറഞ്ഞു. യു.എസ് പസഫിക് ഫ്ലീറ്റ് വക്താവാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നിലവിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ യു.എസ് ഏഴാം ഫ്ലീറ്റിന്റെ പ്രവർത്തനമേഖലയിലാണ് ജോർജ് വാഷിങ്ടൺ ഉള്ളത്.

പടിഞ്ഞാറൻ പസഫിക്കിൽ വിന്യസിച്ചിരുന്ന ജോർജ് വാഷിങ്ടണിനെ യു.എസ്.എസ് എബ്രഹാം ലിങ്കണിന് പകരമായി ഓഗസ്റ്റ് 19-നാണ് യു.എസ്.എസ് റോബർട്ട് സ്മാൾസ് ക്രൂയിസർ, യു.എസ്.എസ് ഷൂപ്പ് ഡിസ്ട്രോയർ എന്നിവയ്ക്കൊപ്പം അഞ്ചാം ഫ്ലീറ്റിന്റെ പ്രവർത്തനമേഖലയിൽ എത്തിച്ചത്. ജോർജ് വാഷിങ്ടൺ മടങ്ങുന്നതിന് തൊട്ടുമുമ്പ് യു.എസ്.എസ് തിയോഡർ റൂസ്‌വെൽറ്റ് നയിക്കുന്ന വിമാനവാഹിനിക്കപ്പൽ സംഘം മേഖലയിലെത്തിയിരുന്നു. കൂടാതെ, ഏപ്രിൽ മുതൽ യു.എസ്.എസ് ജോർജ് എച്ച്.ഡബ്ല്യു. ബുഷ് നയിക്കുന്ന സംഘവും അറബിക്കടലിൽ നിലയുറപ്പിച്ചിട്ടുണ്ട്. വിന്യാസമാറ്റ സമയത്ത് ഏതാനും ദിവസങ്ങൾ മൂന്ന് സംഘങ്ങൾ മേഖലയിലുണ്ടായിരുന്നെങ്കിലും ജോർജ് വാഷിങ്ടൺ മടങ്ങിയതോടെ എണ്ണം രണ്ടായി ചുരുങ്ങി.

വിമാനവാഹിനിക്കപ്പലുകളുടെയും അനുബന്ധ യുദ്ധക്കപ്പലുകളുടെയും ദീർഘകാല വിന്യാസം യു.എസ് നാവികസേനയ്ക്ക് കടുത്ത സമ്മർദ്ദമാണ് സൃഷ്ടിക്കുന്നത്. കപ്പലുകളിലെ സാഹചര്യങ്ങളിലും നീണ്ട വിന്യാസങ്ങളിലും നാവികരുടെ കുടുംബങ്ങൾ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. യു.എസ്.എസ് ജോർജ് എച്ച്.ഡബ്ല്യു. ബുഷിന്റെ വിന്യാസം ഒരു വർഷം വരെ നീളാൻ സാധ്യതയുള്ളതിനാൽ, യു.എസ്.എസ് ജെറാൾഡ് ആർ. ഫോർഡും എബ്രഹാം ലിങ്കണും സ്ഥാപിച്ച ദീർഘകാല വിന്യാസ റെക്കോർഡുകൾ മറികടന്നേക്കും. അനുബന്ധ ഡിസ്ട്രോയറുകളായ യു.എസ്.എസ് മൈക്കൽ മർഫി, യു.എസ്.എസ് സ്പ്രുവൻസ് എന്നിവ യഥാക്രമം 346, 357 ദിവസത്തെ വിന്യാസത്തിന് ശേഷമാണ് അടുത്തിടെ മടങ്ങിയെത്തിയത്.

അതേസമയം, യു.എസ് നാവികസേനയുടെ പുതിയ കപ്പൽ നിർമ്മാണ പദ്ധതികൾക്ക് കോൺഗ്രസിൽ കടുത്ത നിയന്ത്രണങ്ങൾ നേരിടുകയാണ്. 2027 സാമ്പത്തിക വർഷത്തെ പ്രതിരോധ ചെലവ് ബില്ലിന്റെ കരടിൽ കപ്പൽ നിർമ്മാണത്തിനായി 41.6 ബില്യൺ ഡോളർ നീക്കിവയ്ക്കാനാണ് സെനറ്റ് നിർദ്ദേശിച്ചിരിക്കുന്നത്. ഇത് നാവികസേന ആവശ്യപ്പെട്ടതിനേക്കാൾ 18.5 ബില്യൺ ഡോളർ കുറവാണ്. ട്രംപ് ക്ലാസ് യുദ്ധക്കപ്പൽ പദ്ധതിക്കായി നാവികസേന ആവശ്യപ്പെട്ട ഒരു ബില്യൺ ഡോളറിന്റെ മുൻകൂർ നിർമ്മാണ ഫണ്ടും സെനറ്റ് ഒഴിവാക്കി. വിദേശ കപ്പൽശാലകളിൽ നിർമ്മിക്കുന്ന കപ്പലുകൾക്കും വിദേശ ഘടകങ്ങൾ വാങ്ങുന്നതിനും ഫണ്ട് ഉപയോഗിക്കുന്നത് തടയുന്ന വ്യവസ്ഥകളും ബില്ലിലുണ്ട്; എന്നാൽ ഒരു ആർലീ ബർക്ക് ക്ലാസ് ഡിസ്ട്രോയർ ആവശ്യപ്പെട്ട സ്ഥാനത്ത് രണ്ടാമത്തെ കപ്പലിനായി അധിക തുക അനുവദിച്ചിട്ടുണ്ട്.

ഒരേസമയം വിവിധ മേഖലകളിൽ സൈനിക സാന്നിധ്യം നിലനിർത്താൻ കൂടുതൽ കപ്പലുകളും ജീവനക്കാരും അനിവാര്യമായിരിക്കെ, ദീർഘകാല വിന്യാസം മൂലമുണ്ടാകുന്ന ജീവനക്കാരുടെ ക്ഷീണവും കപ്പലുകളുടെ അറ്റകുറ്റപ്പണി വെല്ലുവിളികളും നാവികസേനയെ വലയ്ക്കുകയാണ്. ഇതിനിടയിൽ കപ്പൽ നിർമ്മാണത്തിനുള്ള ബജറ്റിലും നിയന്ത്രണങ്ങൾ വരുന്നത് യു.എസ് നാവികസേനയുടെ പ്രവർത്തനങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കുന്നു.

Related Articles

- Advertisement -spot_img

Latest Articles