തിരുവനന്തപുരം: നവംബർ ഒന്നിന് നടക്കാനിരിക്കുന്ന ‘അതിദാരിദ്ര്യ വിമുക്ത കേരളം’ പ്രഖ്യാപന ചടങ്ങിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് മോഹൻലാലിനും മമ്മൂട്ടിക്കും കമൽ ഹാസനും ആശാ പ്രവർത്തകരുടെ കത്ത്. സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശാ പ്രവർത്തകരാണ് തുറന്ന കത്ത് അയച്ചത്. പ്രഖ്യാപന സമ്മേളനത്തിലേക്ക് മലയാളത്തിലെ താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി, തമിഴ് നടൻ കമൽ ഹാസൻ എന്നിവരെയാണ് സർക്കാർ ക്ഷണിച്ചിരുന്നത്.
തുടർച്ചയായി സമരം ചെയ്യുന്ന തങ്ങൾ, സംസ്ഥാന സർക്കാർ പ്രഖ്യാപിക്കാൻ പോകുന്ന ‘അതിദാരിദ്ര്യ വിമുക്ത കേരള’ത്തിലെ ഏറ്റവും ദരിദ്രരായവരാണ് എന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. മൂന്നുനേരം ഭക്ഷണം കഴിക്കാൻ ഇല്ലാത്ത, മക്കളെ പഠിപ്പിക്കാൻ കഴിയാത്ത, മാരക രോഗങ്ങൾ വന്നാൽ അതിജീവിക്കാൻ കഴിവില്ലാത്ത, കടക്കെണിയിൽ കുടുങ്ങിയ അതിദരിദ്രരാണ് തങ്ങളെന്നാണ് ആശാ പ്രവർത്തകർ കത്തിൽ പറയുന്നുണ്ട്.
വിമുക്ത കേരള പ്രഖ്യാപന ചടങ്ങിൽ പങ്കെടുക്കുന്നതിന് മുമ്പ്, സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന തങ്ങളെ വന്ന് കാണണമെന്നും തങ്ങളുടെ ദുരിതങ്ങൾ അറിയണമെന്നുമാണ് ആശാ പ്രവർത്തകരുടെ പ്രധാന ആവശ്യം. കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി.കെ. സദാനന്ദൻ, സംസ്ഥാന ജനറൽ സെക്രട്ടറി എം.എ. ബിന്ദു എന്നിവരുടെ പേരിലാണ് താരങ്ങൾക്കു ഇ-മെയിൽ മുഖേന കത്ത് അയച്ചത്.



