കോഴിക്കോട്: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ് യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ തനിക്ക് പരിക്കേറ്റെന്ന ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പരാതിക്കെതിരെ രൂക്ഷവിമർശനവുമായി മെഡിക്കൽ കോളജിലെ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിന. കണ്ണൂരിലെ പ്രതിഷേധത്തെ തുടർന്ന് മന്ത്രി കഴുത്തിന് ബെൽറ്റ് ധരിച്ച ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഹർഷിന ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. മന്ത്രിക്ക് ഒരു ദിവസത്തെ പ്രതിഷേധം കൊണ്ട് ഉണ്ടായ വേദന ഇതാണെങ്കിൽ, കഴിഞ്ഞ 18 മാസമായി താൻ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ വേദന എത്രത്തോളമുണ്ടാകുമെന്ന് മന്ത്രി ചിന്തിക്കണമെന്ന് ഹർഷിന ഓർമ്മിപ്പിച്ചു.
നീതിക്ക് വേണ്ടിയുള്ള തന്റെ പോരാട്ടത്തെ അവഗണിച്ച മന്ത്രി ഇപ്പോൾ സ്വന്തം ആരോഗ്യകാര്യത്തിൽ വലിയ പ്രാധാന്യം നൽകുന്നത് വൈരുദ്ധ്യമാണെന്ന് ഹർഷിന കുറ്റപ്പെടുത്തി. മെഡിക്കൽ കോളജിലെ ചികിത്സാ പിഴവ് മൂലം ജീവിതം വഴിമുട്ടിയ ഒരു സാധാരണക്കാരിയുടെ നിലവിളി കേൾക്കാൻ മന്ത്രി തയ്യാറാകാത്തതിലുള്ള പ്രതിഷേധവും ഹർഷിനയുടെ വാക്കുകളിലുണ്ടായിരുന്നു. കെഎസ് യു പ്രവർത്തകർ തന്നെ ആക്രമിച്ച് വധിക്കാൻ ശ്രമിച്ചുവെന്ന മന്ത്രിയുടെ ആരോപണം രാഷ്ട്രീയ നാടകമാണെന്ന് പ്രതിപക്ഷം ആവർത്തിക്കുന്നതിനിടെയാണ് ഹർഷിനയുടെ ഈ വൈകാരികമായ പ്രതികരണം. തന്റെ വേദനയെ അവഗണിക്കുന്ന സർക്കാർ, ഇത്തരം സംഭവങ്ങളെ പർവ്വതീകരിക്കുന്നത് ശരിയല്ലെന്നും അവർ കൂട്ടിച്ചേർത്തു.



