ന്യൂഡൽഹി: ഹോർമുസ് കടലിടുക്ക് ഉടൻ തുറന്നില്ലെങ്കിൽ ഇറാന്റെ പാലങ്ങളും വൈദ്യുതി നിലയങ്ങളും തകർക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അശ്ലീലപദങ്ങൾ നിറഞ്ഞ ഭീഷണിയെ ലോകമെമ്പാടുമുള്ള ഇറാനിയൻ എംബസികൾ പരിഹാസത്തോടെ നേരിടുന്നു. ചൊവ്വാഴ്ച രാത്രിയോടെ കടലിടുക്ക് തുറക്കണമെന്നും അല്ലാത്തപക്ഷം ‘നരകം കാണേണ്ടി വരുമെന്നും’ ട്രംപ് സോഷ്യൽ മീഡിയയിലൂടെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ഇതിന് ഔദ്യോഗികമായ നയതന്ത്ര മറുപടി നൽകുന്നതിന് പകരം ട്രംപിന്റെ മാനസിക നിലയെയും ഭാഷയെയും പരിഹസിക്കുന്ന ട്രോളുകളുമായാണ് വിവിധ രാജ്യങ്ങളിലെ ഇറാൻ നയതന്ത്ര പ്രതിനിധികൾ രംഗത്തെത്തിയത്.
കടലിടുക്ക് തുറക്കാനുള്ള ട്രംപിന്റെ ആവശ്യത്തിന്, “ഞങ്ങൾ അതിന്റെ താക്കോൽ കളഞ്ഞുപോയി” (We’ve lost the keys) എന്നാണ് സിംബാബ്‌വെയിലെ ഇറാൻ എംബസി എക്സിൽ (X) കുറിച്ചത്. ഇതിന് പിന്നാലെ, “താക്കോൽ പൂച്ചട്ടിയുടെ അടിയിലുണ്ട്, സുഹൃത്തുക്കൾക്ക് വേണ്ടി മാത്രം തുറന്നുകൊടുക്കൂ” എന്ന് ദക്ഷിണാഫ്രിക്കയിലെ ഇറാൻ എംബസി പരിഹസിച്ചു. ട്രംപിന്റെ പ്രസ്താവനകൾ ‘ഭ്രാന്തമായ പുലമ്പലുകൾ’ ആണെന്നും അമേരിക്കൻ ഭരണഘടനയിലെ 25-ാം ഭേദഗതി പ്രകാരം അദ്ദേഹത്തെ അധികാരത്തിൽ നിന്ന് മാറ്റാൻ വൈസ് പ്രസിഡന്റും കാബിനറ്റും ഗൗരവമായി ചിന്തിക്കണമെന്നും ദക്ഷിണാഫ്രിക്കയിലെ ഇറാൻ എംബസി ഉപദേശിച്ചു. ബ്രിട്ടൻ, ഇന്ത്യ, ഓസ്ട്രിയ തുടങ്ങിയിടങ്ങളിലെ ഇറാൻ കാര്യാലയങ്ങളും ട്രംപിന്റെ പ്രായത്തെയും പെരുമാറ്റത്തെയും പരിഹസിച്ച് കുറിപ്പുകൾ പങ്കുവെച്ചു. യുദ്ധസമാനമായ സാഹചര്യത്തിനിടയിലും നയതന്ത്രരംഗത്ത് ഇത്തരം ‘മീം യുദ്ധങ്ങൾ’ (Meme Wars) നടക്കുന്നത് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായിട്ടുണ്ട്.




