വാഷിങ്ടൺ: ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്ക നൽകിയ അന്ത്യശാസനത്തിന്റെ സമയപരിധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, ഇറാനെതിരെ സമാനതകളില്ലാത്ത ഭീഷണി മുഴക്കി പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. “ഒരു നാഗരികത തന്നെ ഇന്ന് രാത്രി അവസാനിക്കും” എന്ന ഞെട്ടിക്കുന്ന മുന്നറിയിപ്പാണ് അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ നൽകിയിരിക്കുന്നത്.
ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ സമയപരിധി അവസാനിക്കാനിരിക്കെയാണ് ലോകത്തെയാകെ മുനയിൽ നിർത്തുന്ന ഈ പ്രസ്താവന പുറത്തുവന്നത്. നേരത്തെ ഇറാന്റെ അടിസ്ഥാന സൗകര്യങ്ങളും ഊർജ്ജ നിലയങ്ങളും തകർക്കുമെന്ന് പറഞ്ഞിരുന്ന ട്രംപ്, ഇപ്പോൾ ഒരു ജനതയെയും അവരുടെ സംസ്കാരത്തെയും ഒന്നടങ്കം ഇല്ലാതാക്കുമെന്ന കടുത്ത നിലപാടിലേക്കാണ് മാറിയിരിക്കുന്നത്. ട്രംപിന്റെ ഈ പ്രകോപനപരമായ ഭാഷാപ്രയോഗം അന്താരാഷ്ട്ര തലത്തിൽ വലിയ നടുക്കമുണ്ടാക്കിയിട്ടുണ്ട്.
അതേസമയം, അമേരിക്കയുടെ ഭീഷണികൾക്ക് മുന്നിൽ ഭയപ്പെട്ട് പിന്മാറില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ആവർത്തിച്ചു. യുദ്ധമുണ്ടായാൽ താനുൾപ്പെടെയുള്ള ഭരണനേതൃത്വം രക്തസാക്ഷിത്വത്തിന് തയ്യാറാണെന്നും, രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നത് ആഗോള എണ്ണവിപണിയെയും ചരക്കുനീക്കത്തെയും ബാധിച്ചിട്ടുണ്ടെങ്കിലും, അമേരിക്കയിൽ നിന്ന് തങ്ങൾക്കർഹമായ നഷ്ടപരിഹാരം ലഭിക്കാതെ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലാണ് ഇറാൻ.
സമയപരിധി കഴിയുന്നതോടെ പശ്ചിമേഷ്യയിൽ ഒരു മഹാദുരന്തം സംഭവിക്കുമോ എന്ന ആശങ്കയിൽ ശ്വാസമടക്കിപ്പിടിച്ചിരിക്കുകയാണ് അന്താരാഷ്ട്ര സമൂഹം. ഐക്യരാഷ്ട്രസഭ ഉൾപ്പെടെയുള്ള സംഘടനകൾ സമാധാന ശ്രമങ്ങളുമായി രംഗത്തുണ്ടെങ്കിലും ഇരുപക്ഷവും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തത് സാഹചര്യം അതീവ ഗുരുതരമാക്കുന്നു.



