ടെഹ്റാൻ: ഇറാനിലെ ഏറ്റവും പ്രശസ്തമായ സാങ്കേതിക സർവ്വകലാശാലയായ ഷെരീഫ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിക്ക് നേരെ അമേരിക്കയും ഇസ്രായേലും നടത്തിയ വ്യോമാക്രമണം രാജ്യത്തിന്റെ ശാസ്ത്ര-സാങ്കേതിക പുരോഗതിയെ തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് സർവ്വകലാശാല അധികൃതർ. തിങ്കളാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ സർവ്വകലാശാലയിലെ ഡാറ്റാ സെന്ററിനും അനുബന്ധ ലാബുകൾക്കും ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിച്ചു. ഇറാന്റെ ദേശീയ നിർമ്മിത ബുദ്ധി (Artificial Intelligence) പ്ലാറ്റ്ഫോമിന്റെ നട്ടെല്ലായി പ്രവർത്തിക്കുന്ന അടിസ്ഥാന സൗകര്യങ്ങളും ആയിരക്കണക്കിന് മറ്റ് ഡിജിറ്റൽ സേവനങ്ങളുമാണ് ഈ ആക്രമണത്തിലൂടെ തകർക്കപ്പെട്ടതെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സർവ്വകലാശാലയിലെ ഇൻഫർമേഷൻ ടെക്നോളജി സെന്ററിന് പുറമെ ക്യാമ്പസിലെ മോസ്കും ആക്രമണത്തിനിരയായിട്ടുണ്ട്.
ഇറാന്റെ ‘എംഐടി’ (MIT of Iran) എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഷെരീഫ് സർവ്വകലാശാലയെ ലക്ഷ്യം വെച്ചത് വഴി ഇറാനിലെ സിവിൽ ജീവിതത്തെയും അക്കാദമിക് മേഖലയെയും തകർക്കാനാണ് ഇസ്രായേൽ ശ്രമിക്കുന്നതെന്ന് ശാസ്ത്രമന്ത്രി ഹുസൈൻ സിമായി സറഫ് പറഞ്ഞു. ഇത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, സർവ്വകലാശാലയിലെ ചില ഗവേഷണ കേന്ദ്രങ്ങൾ സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ടെന്ന വാദമാണ് ആക്രമണത്തിന് ന്യായീകരണമായി ഉന്നയിക്കപ്പെടുന്നത്. ട്രംപിന്റെ അന്ത്യശാസനം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നേരെയുണ്ടാകുന്ന ഇത്തരം ആക്രമണങ്ങൾ അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഗവേഷണ സൗകര്യങ്ങൾ നശിച്ചുവെങ്കിലും സർവ്വകലാശാല വീണ്ടും കെട്ടിപ്പടുക്കുമെന്ന് പ്രസിഡന്റ് മസൂദ് തജ്രിഷി വ്യക്തമാക്കി.



