കൊച്ചി: കൊച്ചി ശാസ്ത്ര-സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) വിദ്യാർത്ഥിനിയെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുസാറ്റ് സ്കൂൾ ഓഫ് എഞ്ചിനീയറിംഗിലെ ബിടെക് സിവിൽ എഞ്ചിനീയറിംഗ് നാലാം വർഷ വിദ്യാർത്ഥിനിയായ കെ.എസ്. ദർശന (21) ആണ് മരിച്ചത്. സൗത്ത് പുതുവൈപ്പ് കോമത്തുരുത്ത് സ്വദേശികളായ ഓട്ടോറിക്ഷ ഡ്രൈവർ സുദർശന്റെയും ഷൈജയുടെയും മകളായ ദർശനയെ കളമശ്ശേരി ഹിദായത്ത് നഗറിലെ വാടക മുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
പരീക്ഷയ്ക്ക് പഠിക്കാനുണ്ടെന്ന് പറഞ്ഞ് ഒരാഴ്ച മുൻപാണ് ദർശന ഹോസ്റ്റലിലേക്ക് മാറിയത്. വ്യാഴാഴ്ച നടക്കേണ്ടിയിരുന്ന സപ്ലിമെന്ററി പരീക്ഷയ്ക്ക് ദർശന എത്തിയിരുന്നില്ല. പരീക്ഷ കഴിഞ്ഞ് ഒപ്പം താമസിക്കുന്ന മറ്റ് വിദ്യാർത്ഥികൾ മുറിയിലെത്തിയപ്പോൾ വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. പലവട്ടം വിളിച്ചിട്ടും പ്രതികരണമില്ലാത്തതിനെത്തുടർന്ന് സുഹൃത്തുക്കൾ സമീപവാസികളുടെ സഹായത്തോടെ വാതിൽ പൊളിച്ച് അകത്ത് കയറിയെങ്കിലും ദർശനയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം നേരത്തെ സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
വ്യക്തിപരമായ പ്രശ്നങ്ങളൊന്നും ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് ബന്ധുക്കൾ വ്യക്തമാക്കുന്നത്. പ്രാഥമിക അന്വേഷണത്തിൽ കടുത്ത പഠനസമ്മർദ്ദമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പോലീസ് സംശയിക്കുന്നു. ചില വിഷയങ്ങളിൽ പരീക്ഷാഫലം പ്രതികൂലമായതും തുടർന്നുണ്ടായ ‘ഇയർ ഔട്ട്’ അവസ്ഥയും വിദ്യാർത്ഥിനിയെ മാനസികമായി അലട്ടിയിരുന്നതായി റിപ്പോർട്ടുകളുണ്ട്. ദർശനയുടെ യഥാർത്ഥ ബാച്ച് സഹപാഠികൾ പഠനം പൂർത്തിയാക്കി കഴിഞ്ഞ ബുധനാഴ്ച ഔദ്യോഗികമായി യാത്രയയപ്പ് ആഘോഷിച്ചിരുന്നു. സഹപാഠികൾ ക്യാമ്പസ് വിടുമ്പോൾ താൻ പരീക്ഷാ ബാധ്യതകളുമായി പിന്നിലായതിന്റെ മാനസിക വിഷമത്തിലായിരുന്നിരിക്കാം ദർശനയെന്ന് സുഹൃത്തുക്കൾ കരുതുന്നു. ഈ വിവരങ്ങൾ വിദ്യാർത്ഥിനി വീട്ടുകാരിൽ നിന്നും മറച്ചുവെച്ചിരുന്നതായും സൂചനയുണ്ട്.
ഒരാഴ്ചയ്ക്കിടെ കുസാറ്റിൽ ജീവനൊടുക്കുന്ന രണ്ടാമത്തെ വിദ്യാർത്ഥിയാണ് ദർശന. കഴിഞ്ഞ ഏപ്രിൽ 22-ന് ആലപ്പുഴ കുമാരപുരം സ്വദേശിയായ ധനുഷ് ഡി എന്ന എഞ്ചിനീയറിംഗ് വിദ്യാർത്ഥിയും ഇതേപോലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കാണപ്പെട്ടിരുന്നു. തുടർച്ചയായുണ്ടാകുന്ന ഇത്തരം സംഭവങ്ങളെത്തുടർന്ന് വൈസ് ചാൻസലർ ഡോ. എം. ജുനൈദ് ബുഷിരി ചീഫ് സെക്യൂരിറ്റി ഓഫീസറോട് വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്. ക്യാമ്പസ് സുരക്ഷയും വിദ്യാർത്ഥി ക്ഷേമവും ചർച്ച ചെയ്യുന്നതിനായി മെയ് 5-ന് ഉന്നതതല യോഗം വിളിച്ചുചേർത്തിരിക്കുകയാണ് സർവകലാശാല അധികൃതർ.



