ടെഹ്‌റാൻ: അമേരിക്കയുമായുള്ള സംഘർഷം അവസാനിപ്പിക്കാനായി ആണവ ചർച്ചകൾക്ക് മുൻപേ ഹോർമുസ് കടലിടുക്ക് തുറന്നുനൽകാൻ തയ്യാറാണെന്ന പുതിയ നിർദ്ദേശവുമായി ഇറാൻ. ആണവ പദ്ധതിയേക്കുറിച്ചുള്ള ചർച്ചകൾ സമാധാന പ്രക്രിയയുടെ അവസാന ഘട്ടത്തിലേക്ക് മാറ്റിവെച്ചുകൊണ്ട്, യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ നാവിക ഉപരോധം നീക്കാനും മുൻഗണന നൽകുന്നതാണ് ഇറാന്റെ പുതിയ പദ്ധതിയെന്ന് ഒരു മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. നിലവിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ നിർദ്ദേശം തള്ളിയെങ്കിലും, ചർച്ചകളിൽ പുരോഗതിയുണ്ടാക്കാൻ ലക്ഷ്യമിട്ടുള്ള വലിയൊരു വിട്ടുവീഴ്ചയായാണ് തെഹ്‌റാൻ ഇതിനെ കാണുന്നത്.
റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയോട് സംസാരിച്ച ഇറാൻ ഉദ്യോഗസ്ഥൻ പറയുന്നത് പ്രകാരം, സങ്കീർണ്ണമായ ആണവ പ്രശ്നങ്ങൾ അവസാന ഘട്ടത്തിലേക്ക് മാറ്റുന്നത് ചർച്ചകൾക്ക് കൂടുതൽ അനുകൂലമായ അന്തരീക്ഷം ഒരുക്കാൻ സഹായിക്കും. മധ്യസ്ഥർ വഴി അമേരിക്കയ്ക്ക് കൈമാറിയ ഈ ഔദ്യോഗിക രൂപരേഖ പ്രകാരം, ഇസ്രായേലും അമേരിക്കയും ഇനി ആക്രമിക്കില്ലെന്ന ഉറപ്പ് നൽകിയാൽ ഇറാൻ യുദ്ധം അവസാനിപ്പിക്കും. ഇതിന് പകരമായി ആഗോള എണ്ണ വിതരണത്തിന് നിർണ്ണായകമായ ഹോർമുസ് കടലിടുക്ക് ഇറാൻ തുറന്നുനൽകുകയും അമേരിക്ക തങ്ങളുടെ ഉപരോധം പിൻവലിക്കുകയും ചെയ്യണം എന്നതാണ് ഇറാന്റെ ആവശ്യം. ആണവ ചർച്ചകളെ യുദ്ധം അവസാനിപ്പിക്കുന്നതിൽ നിന്ന് വേർപെടുത്താനുള്ള ഇറാന്റെ ഈ നീക്കം സംഘർഷം ലഘൂകരിക്കാനുള്ള സുപ്രധാനമായ ഒരു ചുവടുവെപ്പായാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്



