ഇടതുകോട്ടകൾ തകർത്തു യു.ഡി.എഫ് കൊടുങ്കാറ്റ്; ‘ക്യാപ്റ്റന്റെ’ പതനവും ഭരണവിരുദ്ധ വികാരവും കേരളത്തിൽ വഴിമാറ്റിയത് ഇങ്ങനെ

കോഴിക്കോട്: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് ഏറ്റുവാങ്ങേണ്ടി വന്നത് വെറുമൊരു തോൽവിയല്ല, മറിച്ച് പ്രസ്ഥാനത്തിന്റെ ഹൃദയം നിലയ്ക്കുന്ന തരത്തിലുള്ള കനത്ത ആഘാതമാണെന്ന് ഫലങ്ങൾ സൂചിപ്പിക്കുന്നു. പത്തുവർഷത്തെ തുടർച്ചയായ ഭരണം, വികസന-ക്ഷേമ പ്രവർത്തനങ്ങൾ എന്നിവ മുൻനിർത്തി പ്രചാരണം നടത്തിയിട്ടും ജനങ്ങൾ നൽകിയത് അഹങ്കാരത്തിനുള്ള കനത്ത തിരിച്ചടിയാണെന്ന് വിലയിരുത്തപ്പെടുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകാധിപത്യപരമായ സമീപനവും ‘വൺമാൻ ഷോ’യും കേരളീയ പൊതുസമൂഹത്തിന് സ്വീകാര്യമായില്ലെന്നതിന്റെ തെളിവാണ് വോട്ടെണ്ണലിൽ പ്രകടമാകുന്ന ക്യാപ്റ്റന്റെ പതനം.

ജനങ്ങളെ നിസ്സാരവൽക്കരിച്ചുകൊണ്ടുള്ള സർക്കാരിന്റെ സമീപനത്തോടുള്ള അണികളുടെയും പൊതുജനത്തിന്റെയും ഉള്ളിലൊളിപ്പിച്ച പ്രതികാരമാണ് ഈ വമ്പൻ യു.ഡി.എഫ് ജയത്തിന് പിന്നിലെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. ഭൂരിപക്ഷ സമുദായത്തെ പ്രീണിപ്പിക്കാൻ വെള്ളാപ്പള്ളി നടേശന്റെ വിവാദ പരാമർശങ്ങൾക്ക് സർക്കാർ ചുവന്ന പരവതാനി വിരിച്ചത് മലയാളിയുടെ മതേതര മനസ്സിനെ വേദനിപ്പിച്ചു. അതോടൊപ്പം, മുൻപ് ചേർത്തുപിടിച്ചിരുന്ന മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിൽ സർക്കാരിനോടുണ്ടായ അതൃപ്തിയും ന്യൂനപക്ഷ വോട്ടുകളുടെ ചോർച്ചയ്ക്ക് കാരണമായി.

സാമ്പത്തിക രംഗത്തെ പിഴവുകളും ജനവിരുദ്ധ നയങ്ങളും തോൽവിയുടെ ആക്കം കൂട്ടി. വീടുകളുടെ നികുതിയും പെർമിറ്റ് ഫീസും വർദ്ധിപ്പിച്ചത് സാധാരണക്കാരെ പ്രയാസത്തിലാക്കിയിരുന്നു. ഇതിന്റെ പ്രതിഫലനം ആദ്യം തദ്ദേശ തിരഞ്ഞെടുപ്പിലും ഇപ്പോൾ നിയമസഭാ തിരഞ്ഞെടുപ്പിലും ദൃശ്യമായി. ക്ഷേമ പെൻഷൻ വിതരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ എടുത്തുപറഞ്ഞെങ്കിലും ആരെയും കൂസാതെയുള്ള സർക്കാരിന്റെ അമിത ആത്മവിശ്വാസം തിരിച്ചടിയാവുകയായിരുന്നു.

ദുരന്തസമയങ്ങളിൽ സർക്കാരിനൊപ്പം നിന്ന ജനങ്ങൾ, രണ്ടാം പിണറായി സർക്കാരിന്റെ അവസാനകാലത്തെ ആരോഗ്യരംഗത്തെ വീഴ്ചകളിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി. ആതുരരംഗത്തെ ഈ ആകുലതകൾ ജനങ്ങളെ മാറിച്ചിന്തിപ്പിച്ച പ്രധാന ഘടകമാണ്. യു.ഡി.എഫിന്റെ വാഗ്ദാനങ്ങൾക്കപ്പുറം, ഭരണഭാരമനുഭവിച്ച ജനം ഇടതുമുന്നണിക്ക് നൽകിയ ശക്തമായ ‘ഷോക്കാ’ണിതെന്ന് ഈ ഫലം വ്യക്തമാക്കുന്നു. ഈ പാഠം ഉൾക്കൊള്ളാൻ ഇടതുപക്ഷം തയ്യാറായില്ലെങ്കിൽ കേരള രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവ് കഠിനമാകുമെന്നും വിലയിരുത്തപ്പെടുന്നു.

 

Related Articles

- Advertisement -spot_img

Latest Articles