പയ്യന്നൂരിൽ ചരിത്രം തിരുത്തി വി. കുഞ്ഞികൃഷ്ണൻ; ചുവപ്പുകോട്ടയിൽ സ്വതന്ത്രന്റെ വൻ വിജയം

പയ്യന്നൂർ: സി.പി.എമ്മിന്റെ ഉരുക്കുകോട്ടയായ പയ്യന്നൂർ നിയമസഭാ മണ്ഡലത്തിൽ ഇടത് മുന്നണിയെ ഞെട്ടിച്ചുകൊണ്ട് സ്വതന്ത്ര സ്ഥാനാർത്ഥി വി. കുഞ്ഞികൃഷ്ണന് ചരിത്ര വിജയം. സി.പി.എം ഔദ്യോഗിക സ്ഥാനാർത്ഥിയും സിറ്റിംഗ് എം.എൽ.എയുമായ ടി.ഐ. മധുസൂദനനെ 7,487 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കുഞ്ഞികൃഷ്ണൻ പരാജയപ്പെടുത്തിയത്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ പോലും ലീഡ് വിട്ടുകൊടുക്കാതെയായിരുന്നു കുഞ്ഞികൃഷ്ണന്റെ മുന്നേറ്റം. സി.പി.എം പയ്യന്നൂർ ഏരിയ സെക്രട്ടറിയായിരുന്ന വി. കുഞ്ഞികൃഷ്ണൻ, രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ഉൾപ്പെടെയുള്ള പാർട്ടിയിലെ അഴിമതികൾ തുറന്നുപറഞ്ഞതിനെത്തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട നേതാവാണ്.

യു.ഡി.എഫിന്റെ പിന്തുണയോടെ മത്സരരംഗത്തിറങ്ങിയ കുഞ്ഞികൃഷ്ണന്റെ വിജയം സി.പി.എമ്മിനും എൽ.ഡി.എഫിനും കനത്ത രാഷ്ട്രീയ ആഘാതമാണ് നൽകിയിരിക്കുന്നത്. പതിറ്റാണ്ടുകളായി സി.പി.എം മാത്രം ജയിച്ചുവന്ന മണ്ഡലത്തിൽ അഴിമതി വിരുദ്ധ പോരാട്ടത്തിന് ജനങ്ങൾ നൽകിയ അംഗീകാരമായാണ് ഈ വിജയത്തെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. വോട്ടെണ്ണൽ പൂർത്തിയായപ്പോൾ വി. കുഞ്ഞികൃഷ്ണൻ 76,640 വോട്ടുകൾ നേടിയപ്പോൾ ടി.ഐ. മധുസൂദനന് 69,153 വോട്ടുകൾ മാത്രമേ ലഭിച്ചുള്ളൂ. പയ്യന്നൂരിലെ ഈ അട്ടിമറി കണ്ണൂർ ജില്ലയിലെ തന്നെ ഇടത് രാഷ്ട്രീയത്തിൽ വരും ദിവസങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിമാറുമെന്ന് ഉറപ്പാണ്.

 

Related Articles

- Advertisement -spot_img

Latest Articles