തീർത്ഥാടകർക്ക് കൂടുതൽ സൗകര്യങ്ങൾ; പുണ്യസ്ഥലങ്ങളിൽ വൻ വികസന പദ്ധതികളുമായി ‘കിദാന’

മക്ക: ഈ വർഷത്തെ ഹജ്ജ് സീസണിൽ തീർത്ഥാടകർക്ക് സുഗമമായ യാത്രയും മികച്ച സൗകര്യങ്ങളും ഉറപ്പാക്കുന്നതിനായി വിശുദ്ധ സ്ഥലങ്ങളിൽ വിപുലമായ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുമായി കിദാന ഡെവലപ്‌മെന്റ് കമ്പനി മക്ക നഗരത്തിനും പുണ്യസ്ഥലങ്ങൾക്കുമായുള്ള റോയൽ കമ്മീഷന്റെ എക്സിക്യൂട്ടീവ് വിഭാഗമായ കിദാന, തീർത്ഥാടകരുടെ വിശ്രമകേന്ദ്രങ്ങൾ വികസിപ്പിക്കുന്നതിന്റെ രണ്ടാം ഘട്ടം പൂർത്തിയാക്കി. മുൻ വർഷത്തെ അപേക്ഷിച്ച് 36,000 ചതുരശ്ര മീറ്റർ പ്രദേശം അധികമായി വികസിപ്പിച്ചതായും ഇതിൽ ഇരിപ്പിടങ്ങൾ, സർവീസ് കിയോസ്കുകൾ, മിസ്റ്റിംഗ് ഫാനുകളോട് കൂടിയ തണൽ പന്തലുകൾ, നടക്കാൻ എളുപ്പമുള്ള റബ്ബർ ഫ്ലോറിംഗുകൾ എന്നിവ ഒരുക്കിയിട്ടുണ്ടെന്നും കമ്പനി അധികൃതർ വ്യക്തമാക്കി. കൂടാതെ ഹരിതവൽക്കരണ പദ്ധതിയുടെ രണ്ടാം ഘട്ടമായി 60,000-ത്തിലധികം മരങ്ങൾ നട്ടുപിടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

തീർത്ഥാടകർക്ക് കടുത്ത ചൂടിൽ നിന്ന് ആശ്വാസം നൽകാൻ ജമറാത്ത് പാലത്തിന്റെ പരിസരങ്ങളിൽ രണ്ട് ഘട്ടങ്ങളിലായി 400 മിസ്റ്റിംഗ് ഫാൻ തൂണുകൾ കമ്പനി മാറ്റിസ്ഥാപിച്ചു. കല്ലേറ് കർമ്മത്തിനായി എത്തുന്ന മണിക്കൂറിൽ 1,80,000 തീർത്ഥാടകർക്ക് ഈ കൂളിംഗ് സിസ്റ്റം ആശ്വാസമേകും. മിനയിലെ ശുചിമുറി വികസന പദ്ധതിയുടെ ഭാഗമായി 18 പുതിയ സമുച്ചയങ്ങൾ കൂടി ചേർത്തതോടെ ഇപ്പോൾ ആകെ 7,838 ശുചിമുറികളുള്ള 79 ഇരുനില സമുച്ചയങ്ങൾ സജ്ജമായിക്കഴിഞ്ഞു. ഇത് തീർത്ഥാടകരുടെ കാത്തിരിപ്പ് സമയം കുറയ്ക്കും. തീർത്ഥാടകരുടെ സുഗമമായ സഞ്ചാരത്തിനായി മിനയിൽ മൂന്ന് ഘട്ടങ്ങളിലായി എസ്‌കലേറ്റർ പദ്ധതി പൂർത്തിയാക്കിയതോടെ എട്ട് സ്ഥലങ്ങളിലായി 10 പുതിയ യൂണിറ്റുകൾ ഉൾപ്പെടെ ആകെ എസ്‌കലേറ്ററുകളുടെ എണ്ണം 74 ആയി ഉയർന്നു.

അറഫാ പർവതത്തിന് ചുറ്റുമുള്ള തണൽ-കൂളിംഗ് പദ്ധതിയുടെ രണ്ടാം ഘട്ടവും കിദാന പൂർത്തിയാക്കി. 2,72,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഈ പദ്ധതിയിൽ 18 ആധുനിക കാനോപികൾ, 36 മിസ്റ്റിംഗ് ഫാനുകൾ, 7 കൂളിംഗ് യൂണിറ്റുകൾ, 107 അധിക മിസ്റ്റിംഗ് കോൺഗ്രിഗേഷൻ തൂണുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. കാൽനടയാത്രക്കാർക്കുള്ള പാതകൾ 2,40,000 ചതുരശ്ര മീറ്ററിലധികം വിപുലീകരിച്ചു. മിനയിലെ അൽ-ഷൈബൈൻ പ്രദേശത്തെ കാൽനടപ്പാതകൾക്ക് തണലൊരുക്കുന്നതിനായി 1,03,000 ചതുരശ്ര മീറ്റർ പ്രദേശം പന്തലുകളാൽ മൂടുകയും 1,062 മിസ്റ്റിംഗ് ഫാനുകളും നിരീക്ഷണ ക്യാമറകളും സ്ഥാപിക്കുകയും ചെയ്തു. മൊത്തത്തിൽ, പുണ്യസ്ഥലങ്ങളിലുടനീളം 6,000-ത്തിലധികം മിസ്റ്റിംഗ് തൂണുകളും 25,000-ത്തിലധികം തണുത്ത വെള്ളം ലഭിക്കുന്ന ടാപ്പുകളും പ്രവർത്തിക്കുന്നുണ്ട്. ഇവ നിരീക്ഷിക്കാൻ അത്യാധുനിക ഡിജിറ്റൽ കൺട്രോൾ സംവിധാനവും ഒരുക്കിയിട്ടുണ്ട്.

താമസ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 33,000 ചതുരശ്ര മീറ്ററിൽ ‘റാബിയ കിദാന’ ഹൗസിംഗ് പ്രൊജക്റ്റും, 24,000 ചതുരശ്ര മീറ്ററിൽ ‘കിദാന അൽ-ഖൈഫ്’ ടെന്റുകളും പൂർത്തിയായി. ഊർജ്ജ മേഖലയിൽ 550 മെഗാ വോൾട്ട് ആംപിയർ ശേഷിയുള്ള ഇലക്ട്രിക്കൽ നെറ്റ്‌വർക്ക് നവീകരണം കമ്പനി സ്ഥിരീകരിച്ചു. കൂടാതെ ഫയർ ആൻഡ് കൂളിംഗ് ശൃംഖലയുടെ ഭാഗമായി 565 ക്യാമ്പുകൾ ഉൾക്കൊള്ളുന്ന 188 റെസിഡൻഷ്യൽ ബ്ലോക്കുകൾ വികസിപ്പിച്ചു. ഹജ്ജ് വേളയിൽ തീർത്ഥാടകർക്ക് മികച്ച ഉൽപ്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതിനായി പുണ്യസ്ഥലങ്ങളിൽ പങ്കെടുക്കുന്ന ബ്രാൻഡുകളുടെ എണ്ണത്തിൽ 127 ശതമാനം വളർച്ചയോടെ 66 ആയി വർധിച്ചതായും കിദാന കമ്പനി കൂട്ടിച്ചേർത്തു.

 

Related Articles

- Advertisement -spot_img

Latest Articles