‘താടി വലിച്ചുകീറി, സ്വകാര്യഭാഗങ്ങളിൽ ചവിട്ടി’; ഗുജറാത്തിൽ പോലീസിനെ പ്രതിക്കൂട്ടിലാക്കി വൃദ്ധന്റെ മരണമൊഴി; കസ്റ്റഡി മരണത്തിൽ കനത്ത പ്രതിഷേധം

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ കന്നുകാലി ഇറച്ചി കൈവശം വെച്ചെന്ന കേസിൽ പോലീസ് കസ്റ്റഡിയിലെടുത്ത 70കാരൻ ചികിത്സയിലിരിക്കെ മരണപ്പെട്ടു. അഹമ്മദാബാദ് ജുഹാപുര സ്വദേശിയായ സഹീർ ഷെയ്ഖ് ആണ് എസ്.വി.പി  ആശുപത്രിയിൽ വെച്ച് മരിച്ചത്. ലോക്കപ്പിൽ വെച്ചുണ്ടായ അതിക്രൂരമായ പോലീസ് മർദ്ദനത്തെ തുടർന്നാണ് മരണമെന്ന് ആരോപിച്ച് കുടുംബവും നാട്ടുകാരും ആശുപത്രിക്ക് മുന്നിൽ വൻ പ്രതിഷേധമുയർത്തി. പോലീസുകാർ തന്നെ ക്രൂരമായി പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തുന്ന സഹീർ ഷെയ്ഖിന്റെ ഞെട്ടിക്കുന്ന മരണമൊഴിയടങ്ങിയ വീഡിയോ പുറത്തുവന്നതോടെ സംഭവം വലിയ രാഷ്ട്രീയ-സാമൂഹിക വിവാദമായി മാറിയിരിക്കുകയാണ്.

കഴിഞ്ഞ മേയ് അഞ്ചിന് ജുഹാപുരയിലെ ഒരു തുറന്ന പറമ്പിൽ നിന്ന് 520 കിലോഗ്രാം കന്നുകാലി ഇറച്ചിയും ജീവനുള്ള പശുക്കിടാവിനെയും വാഹനങ്ങളും പോലീസ് പിടിച്ചെടുത്തിരുന്നു. പരിശോധന സമയത്ത് സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ട സഹീർ ഷെയ്‌ഖിനെ മെയ് 18-നാണ് പോലീസ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിൽ താൻ നേരിട്ട അതിക്രൂരമായ മൂന്നാംമുറകളെക്കുറിച്ച് മരണത്തിന് തൊട്ടുമുമ്പ് സഹീർ ഷെയ്ഖ് വെളിപ്പെടുത്തുന്ന വീഡിയോ ‘ദ ഒബ്‌സർവർ പോസ്റ്റ്’ ആണ് പുറത്തുവിട്ടത്. സഹീറിന്റെ മകൻ തൗഫീഖ് ഷെയ്ഖ് മൊബൈലിൽ റെക്കോർഡ് ചെയ്ത ദൃശ്യങ്ങളിൽ, പോലീസുകാർ തന്റെ താടി വലിച്ചു കീറിയെന്നും സ്വകാര്യഭാഗങ്ങളിൽ ബൂട്ടിട്ട് ചവിട്ടിയെന്നും സഹീർ പറയുന്നുണ്ട്. വിട്ടയക്കാൻ അവർ പണം ആവശ്യപ്പെട്ടതായും ‘അക്ഷയ്’ എന്ന് പേരുള്ള ഒരു കോൺസ്റ്റബിളിന്റെ പേരും അദ്ദേഹം വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. ചോദ്യം ചെയ്യലിനിടെ പൊലിസുകാർ സഹീറിന് സംശയാസ്‌പദമായ എന്തോ പാനീയം കുടിക്കാൻ നൽകിയതായും കുടുംബത്തിന്റെ അഭിഭാഷകനായ നൗമാൻ ഘാഞ്ചി ആരോപിച്ചു. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് മകൻ തൗഫീഖ് അഹമ്മദാബാദ് പോലീസ് കമ്മീഷണർ ജി.എസ് മാലിക്കിന് രേഖാമൂലം പരാതി നൽകിയിട്ടുണ്ട്.

അതേസമയം, കസ്റ്റഡി മർദ്ദന ആരോപണങ്ങൾ പോലീസ് പൂർണ്ണമായും നിഷേധിച്ചു. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ എ.ബി വാലന്ദ് വ്യക്തമാക്കി. അറസ്റ്റിലായ രാത്രി സഹീറിനെ കാണാൻ പോലീസ് സ്റ്റേഷനിലെത്തിയ ഭാര്യ നൽകിയ മരുന്ന് കഴിച്ചതിന് ശേഷമാണ് അദ്ദേഹത്തിന്റെ ആരോഗ്യം വഷളായതെന്നാണ് പോലീസിന്റെ വാദം. പ്രാഥമിക ഫോറൻസിക് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശരീരത്തിൽ ബാഹ്യമായ പരിക്കേറ്റ ലക്ഷണങ്ങളില്ലെന്നും സഹീറിന് കടുത്ത പ്രമേഹ രോഗമുണ്ടായിരുന്നുവെന്നും പോലീസ് അവകാശപ്പെടുന്നു. മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലാണ് ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടവും പൂർണ്ണമായി വീഡിയോയിൽ ചിത്രീകരിച്ച് നടത്തിയത്. സംഭവത്തിൽ ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്റെ മേൽനോട്ടത്തിൽ കൃത്യമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.

ഈ കേസുമായി ബന്ധപ്പെട്ട് വേജൽപൂരിലെ സോണൽ സിനിമ റോഡിന് സമീപം വെച്ച് പ്രതികളായ ചിലരെ പോലീസ് പരസ്യമായി റോഡിലിട്ട് മർദിക്കുന്ന വീഡിയോകൾ നേരത്തെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കസ്റ്റഡി മരണവും സംഭവിച്ചിരിക്കുന്നത്. സഹീർ ഷെയ്ഖിന്റെ മരണവിവരമറിഞ്ഞ് എസ്.വി.പി ആശുപത്രിക്ക് മുന്നിൽ തടിച്ചുകൂടിയ പ്രതിഷേധക്കാർ പോലീസിനെതിരെ ശക്തമായ മുദ്രാവാക്യം വിളികളോടെ നിലയുറപ്പിച്ചു. ഗുജറാത്ത് പോലീസ് നടത്തുന്ന അന്വേഷണത്തിൽ തങ്ങൾക്ക് വിശ്വാസമില്ലെന്നും, ഉന്നതതലത്തിലുള്ള സ്വതന്ത്രമായ അന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.

 

Related Articles

- Advertisement -spot_img

Latest Articles