മക്ക: വരാനിരിക്കുന്ന 1447-ാമത് ഹിജ്റ വർഷത്തെ ഹജ്ജ് സീസണിനായുള്ള സുരക്ഷാ സേനയുടെ പ്രവർത്തന സജ്ജീകരണങ്ങളും ഓർഗനൈസേഷണൽ പ്ലാനുകളും സൗദി ആഭ്യന്തര മന്ത്രിയും സുപ്രീം ഹജ്ജ് കമ്മിറ്റി ചെയർമാനുമായ പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് വിലയിരുത്തി. മക്കയിൽ പങ്കെടുത്ത വിവിധ ഹജ്ജ് സുരക്ഷാ വിഭാഗങ്ങളുടെ വാർഷിക പരേഡ് ചടങ്ങിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ ഈ വിലയിരുത്തൽ. തീർത്ഥാടകരുടെ സേവനത്തിനായി സൗദി ഭരണകൂടം തങ്ങളുടെ എല്ലാ വിഭവങ്ങളും അത്യാധുനിക സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്നും, വൻ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലും വിപുലമായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും രാജ്യം ഒരു ആഗോള മാതൃകയായി മാറിയിട്ടുണ്ടെന്നും ചടങ്ങിൽ സംസാരിച്ച പബ്ലിക് സെക്യൂരിറ്റി ഡയറക്ടറും ഹജ്ജ് സെക്യൂരിറ്റി കമ്മിറ്റി ചെയർമാനുമായ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അൽ ബസ്സാമി വ്യക്തമാക്കി.
കഴിഞ്ഞ സീസണുകളിൽ നിന്നുള്ള അനുഭവങ്ങളും വിപുലമായ മുൻകരുതൽ ആസൂത്രണങ്ങളും അടിസ്ഥാനമാക്കിയാണ് ഇത്തവണ മക്ക, മദീന, മറ്റ് പുണ്യസ്ഥലങ്ങൾ എന്നിവടങ്ങളിലും തീർത്ഥാടകർ സഞ്ചരിക്കുന്ന പ്രധാന പാതകളിലും വിപുലമായ സുരക്ഷാ പദ്ധതികൾ നടപ്പിലാക്കുന്നത്. ഹജ്ജ് സുരക്ഷാ സംവിധാനം ഏറ്റവും ഉയർന്ന ഫീൽഡ് സജ്ജീകരണത്തോടെയാണ് പ്രവർത്തിക്കുന്നത്. ദ്രുതഗതിയിലുള്ള തീരുമാനങ്ങൾ എടുക്കുന്നതിനും ഏകോപനത്തിനുമായി അഡ്വാൻസ്ഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുകളുടെയും ആധുനിക സാങ്കേതികവിദ്യകളുടെയും പിന്തുണ സുരക്ഷാ സേനയ്ക്ക് ഉറപ്പാക്കിയിട്ടുണ്ട്. അതോടൊപ്പം, വിശുദ്ധ ഹജ്ജ് കർമ്മങ്ങളെ ഏതെങ്കിലും രീതിയിൽ രാഷ്ട്രീയവൽക്കരിക്കാനോ തീർത്ഥാടകരുടെ സുരക്ഷ തകർക്കാനോ ഉള്ള എല്ലാവിധ ശ്രമങ്ങളെയും അതീവ ഗൗരവത്തോടെയും കർശനമായും നേരിടുമെന്ന് അൽ ബസ്സാമി കർശന മുന്നറിയിപ്പ് നൽകി.
സുരക്ഷാ സേനകളുടെ കൃത്യതയും പ്രവർത്തന ക്ഷമതയും വിളിച്ചോതുന്ന ലൈവ് ഡെമോൺസ്ട്രേഷനുകളും ഫീൽഡ് ഓപ്പറേഷൻ സനാരിയോകളും ചടങ്ങിന്റെ ഭാഗമായി നടന്നു. ആധുനിക സുരക്ഷാ വാഹനങ്ങൾ, പുതിയ സാങ്കേതിക വിദ്യകൾ, ഹജ്ജ് സീസണിൽ ഉപയോഗിക്കുന്ന ഏവിയേഷൻ (വ്യോമസേന) പിന്തുണ എന്നിവയും പ്രദർശിപ്പിച്ചു. മദീന അമീറും മദീനയിലെ സ്ഥിരം ഹജ്ജ്-ഉംറ കമ്മിറ്റി ചെയർമാനുമായ പ്രിൻസ് സൽമാൻ ബിൻ സുൽത്താൻ, മക്ക ഡെപ്യൂട്ടി അമീർ പ്രിൻസ് സൗദ് ബിൻ മിഷാൽ, സുപ്രീം ഹജ്ജ് കമ്മിറ്റിയിലെ മറ്റ് മന്ത്രിമാർ, പ്രമുഖ സൈനിക-സുരക്ഷാ മേധാവികൾ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു.



