ദേശീയ രാഷ്ട്രീയം ചൂടുപിടിക്കുന്നു; 12 സംസ്ഥാനങ്ങളിലെ 26 രാജ്യസഭാ സീറ്റുകളിലേക്ക് ജൂൺ 18-ന് വോട്ടെടുപ്പ്

ന്യൂഡൽഹി: പാർലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയിലെ 26 സീറ്റുകളിലേക്ക് അടുത്ത മാസം നടക്കാനിരിക്കുന്ന വൻ തെരഞ്ഞെടുപ്പിന്റെ തീയതികൾ പ്രഖ്യാപിച്ചതോടെ ദേശീയ രാഷ്ട്രീയത്തിൽ ചർച്ചകളും പ്രവചനങ്ങളും സജീവമാകുന്നു. 12 സംസ്ഥാനങ്ങളിലായി ഒഴിവ് വരുന്ന 26 രാജ്യസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ജൂൺ 18-ന് നടക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി അറിയിച്ചു. നിലവിലെ അംഗങ്ങളുടെ കാലാവധി ജൂൺ 21 മുതൽ ജൂലൈ 19 വരെയുള്ള കാലയളവിൽ പൂർത്തിയാകുന്ന സാഹചര്യത്തിലാണ് കമ്മീഷന്റെ അടിയന്തര നടപടി.

മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ, മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ സിങ്, കേന്ദ്രമന്ത്രിമാരായ രവ്നീത് സിങ്, ജോർജ് കുര്യൻ എന്നിവരടങ്ങുന്ന പ്രമുഖ ദേശീയ നേതാക്കളുടെ കാലാവധിയാണ് ഇത്തവണ അവസാനിക്കുന്നത്. ആന്ധ്രാപ്രദേശ്, ഗുജറാത്ത്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ നാല് വീതം സീറ്റുകളിലും മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ മൂന്ന് വീതം സീറ്റുകളിലും ജാർഖണ്ഡിലെ രണ്ട് സീറ്റുകളിലുമാണ് ജൂൺ 18-ന് പ്രധാനമായും വോട്ടെടുപ്പ് നടക്കുക. കൂടാതെ മണിപ്പൂർ, മേഘാലയ, അരുണാചൽ പ്രദേശ്, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ ഓരോ സീറ്റുകളിലേക്കും അന്നേദിവസം തന്നെയാണ് തെരഞ്ഞെടുപ്പ്.

ഇതിനുപുറമെ തമിഴ്‌നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ ഓരോ സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. അണ്ണാ ഡി.എം.കെ നേതാവ് സി.വി. ഷൺമുഖം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് തമിഴ്‌നാട്ടിൽ സീറ്റ് ഒഴിഞ്ഞത്. മഹാരാഷ്ട്രയിൽ രാജ്യസഭാംഗമായിരുന്ന സുനേത്ര പവാർ നിയമസഭാംഗമായ സാഹചര്യത്തിലാണ് അവിടെയും ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. നിലവിൽ തെരഞ്ഞെടുപ്പ് നടക്കുന്ന ആകെ 26 സീറ്റുകളിൽ 18 എണ്ണവും ഭരണകക്ഷിയായ എൻ.ഡി.എയുടെ കൈവശമാണ്. കോൺഗ്രസിന് നാലും വൈ.എസ്.ആർ കോൺഗ്രസിന് മൂന്നും ജാർഖണ്ഡ് മുക്തി മോർച്ചയ്ക്ക് (ജെ.എം.എം) ഒരു സീറ്റുമുണ്ട്. എന്നാൽ വിവിധ സംസ്ഥാനങ്ങളിലെ പുതിയ കക്ഷിനില അനുസരിച്ച് ഇത്തവണ എൻ.ഡി.എയ്ക്ക് ഒരു സീറ്റ് നഷ്ടപ്പെട്ട് അംഗബലം 17 ആയി ചുരുങ്ങാനാണ് സാധ്യത. അതേസമയം കോൺഗ്രസ് തങ്ങളുടെ സീറ്റുകളുടെ എണ്ണം അഞ്ചായി ഉയർത്തിയേക്കും.

വിവിധ സംസ്ഥാനങ്ങളിലെ സാധ്യതകൾ പരിശോധിച്ചാൽ, തമിഴ്‌നാട്ടിൽ സൂപ്പർ താരം വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം (ടി.വി.കെ) നിയമസഭയിലെ തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് കന്നി രാജ്യസഭാ സീറ്റ് സ്വന്തമാക്കാൻ വലിയ സാധ്യതയുണ്ട്. കർണാടകയിലെ നാല് സീറ്റുകളിൽ മൂന്നെണ്ണം കോൺഗ്രസും ഒരെണ്ണം ബി.ജെ.പിയും നേടിയേക്കും. മധ്യപ്രദേശിലും രാജസ്ഥാനിലും ബി.ജെ.പി രണ്ട് വീതം സീറ്റുകളിലും കോൺഗ്രസ് ഓരോ സീറ്റുകളിലും വിജയിക്കാനാണ് സാധ്യത. ആന്ധ്രാപ്രദേശിൽ തെലുഗുദേശം പാർട്ടി (ടി.ഡി.പി) നാല് സീറ്റുകളിലും ഗുജറാത്തിൽ ബി.ജെ.പി നാല് സീറ്റുകളിലും തങ്ങളുടെ വിജയം ഉറപ്പിച്ചിട്ടുണ്ട്.

ജാർഖണ്ഡിൽ ജെ.എം.എം – കോൺഗ്രസ് സഖ്യത്തിന് അനുകൂലമാണ് സാഹചര്യമെങ്കിലും, ക്രോസ് വോട്ടിങ്ങിലൂടെ ഒരു സീറ്റ് പിടിച്ചെടുക്കാൻ ബി.ജെ.പി ശക്തമായ നീക്കം നടത്തുന്നുണ്ട്. മഹാരാഷ്ട്രയിലെ ഉപതെരഞ്ഞെടുപ്പിൽ എൻ.ഡി.എയ്ക്കാണ് നിലവിൽ വിജയസാധ്യത കൽപ്പിക്കപ്പെടുന്നത്. 244 അംഗങ്ങളുള്ള രാജ്യസഭയിൽ നിലവിൽ എൻ.ഡി.എ സഖ്യത്തിന് 149 അംഗങ്ങളുടെ വ്യക്തമായ ഭൂരിപക്ഷമുണ്ട്. പ്രതിപക്ഷത്തിന് 78 അംഗങ്ങളും വിവിധ പ്രാദേശിക പാർട്ടികൾക്ക് 17 സീറ്റുകളുമാണുള്ളത്. പുതിയ തെരഞ്ഞെടുപ്പോടെ സഭയിലെ അംഗബലത്തിൽ നേരിയ മാറ്റങ്ങൾ വരുമെന്ന് ഉറപ്പാണ്.

 

Related Articles

- Advertisement -spot_img

Latest Articles