സിംഗ്രൗലിയിൽ പരിസ്ഥിതി നാശം: അദാനി ഖനന പദ്ധതിക്കായി ആറ് ലക്ഷം മരങ്ങൾ മുറിക്കുന്നു; ജയ്റാം രമേശ്

ന്യൂഡൽഹി: മധ്യപ്രദേശിലെ സിംഗ്രൗലി ജില്ലയിലെ അതീവ പരിസ്ഥിതി ലോലമായ വനമേഖലയിൽ അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള കമ്പനി നടത്തുന്ന കൽക്കരി ഖനന പദ്ധതി വലിയ പരിസ്ഥിതി നാശത്തിന് കാരണമാകുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറിയും മുൻ പരിസ്ഥിതി മന്ത്രിയുമായ ജയ്റാം രമേശ്. പദ്ധതിക്കായി വിസ്തൃതമായ വനഭൂമിയിലെ ആറ് ലക്ഷത്തിലധികം മരങ്ങൾ മുറിച്ചുമാറ്റേണ്ടി വരുമെന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഈ പദ്ധതിക്ക് അനുമതി നൽകിയതിനെതിരെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയത്. ഏകദേശം 7,000 ഏക്കറോളം വരുന്ന ഈ പ്രദേശം വനങ്ങളുടെ സമൃദ്ധി കൊണ്ടും ആനത്താരകളുടെ സാന്നിധ്യം കൊണ്ടും 2011-ൽ തന്നെ ഖനനം പാടില്ലാത്ത ‘നോ-ഗോ’ മേഖലയായി നിശ്ചയിച്ചിട്ടുള്ളതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അദാനി പവറിന്റെ ഉപകമ്പനിയായ മഹാൻ എനർജൻ ലിമിറ്റഡിന്റെ ധീരൗലി കൽക്കരി ഖനന പദ്ധതിയെ മുൻനിർത്തിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പദ്ധതിക്ക് നൽകിയ പാരിസ്ഥിതിക അനുമതി ചോദ്യം ചെയ്ത് പരിസ്ഥിതി പ്രവർത്തകർ ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. എന്നാൽ ഹരജി സമർപ്പിക്കാൻ വൈകി എന്ന സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി ട്രൈബ്യൂണൽ കേസിന്റെ ഗുണദോഷങ്ങളിലേക്ക് കടക്കാതെ കഴിഞ്ഞ ഏപ്രിലിൽ ഇത് തള്ളുകയായിരുന്നു. തുടർന്ന് ഹരിത ട്രൈബ്യൂണലിന്റെ ഈ നടപടിക്കെതിരെ പരിസ്ഥിതി പ്രവർത്തകർ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും, ഹരജി പിൻവലിക്കാനും മറ്റ് നിയമപരമായ വഴികൾ തേടാനും സുപ്രീം കോടതി അനുമതി നൽകി. സുപ്രീം കോടതിയുടെ ഈ പുതിയ ഉത്തരവോടെ പദ്ധതിയെ ചോദ്യം ചെയ്യാനുള്ള നിയമപരമായ വാതിലുകൾ ഇനിയും അടഞ്ഞിട്ടില്ലെന്ന് ജയ്റാം രമേശ് ചൂണ്ടിക്കാണിച്ചു. ഹൈക്കോടതിയും സുപ്രീം കോടതിയും ഈ വിഷയത്തെ അർഹിക്കുന്ന ഗൗരവത്തോടെയും അടിയന്തര പ്രാധാന്യത്തോടെയും പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Related Articles

- Advertisement -spot_img

Latest Articles