മിന/മക്ക: ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് വിശ്വാസികൾ കാത്തിരുന്ന വിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്ക് തിങ്കളാഴ്ച (ഇന്ന്) ഔദ്യോഗിക തുടക്കമായി. ഹജ്ജിന്റെ ആദ്യ ദിനമായ ‘തർവിയാഹ്’ ദിനം ആചരിക്കുന്നതിനായി മക്കയിലെ തങ്ങളുടെ താമസസ്ഥലങ്ങളിൽ നിന്നും തീർത്ഥാടകർ തമ്പുകളുടെ നഗരമായ മിനായിലേക്ക് നീങ്ങിത്തുടങ്ങി. തീർത്ഥാടകരെ മിനായിലേക്ക് സുരക്ഷിതമായി എത്തിക്കുന്നതിനുള്ള എല്ലാ ഫീൽഡ്-ഓപ്പറേഷണൽ തയ്യാറെടുപ്പുകളും പൂർത്തിയായതായി സൗദി ഹജ്ജ്-ഉംറ മന്ത്രാലയം ഞായറാഴ്ച അറിയിച്ചു. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നെത്തിയ 1.5 മില്യണിലധികം (15 ലക്ഷം) വിദേശ തീർത്ഥാടകരും സൗദി അറേബ്യയ്ക്കകത്തു നിന്നുള്ള ലക്ഷക്കണക്കിന് ആഭ്യന്തര തീർത്ഥാടകരുമാണ് ഇത്തവണ ഹജ്ജ് കർമ്മങ്ങളിൽ പങ്കെടുക്കുന്നത്. പ്രവാചകൻ മുഹമ്മദ് നബിയുടെ ചര്യ പിന്തുടർന്ന് ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്… എന്ന തൽബിയത്ത് മന്ത്രങ്ങളും തക്ബീർ ധ്വനികളും മുഴക്കിയാണ് ജനസാഗരം മിനായിലേക്ക് ഒഴുകുന്നത്.
തീർത്ഥാടകരെ അവരുടെ ക്യാമ്പുകളിലേക്ക് വ്യവസ്ഥാപിതമായി എത്തിക്കുന്നതിനും പുണ്യസ്ഥലങ്ങളിൽ ലഭ്യമാക്കുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനുമായി വിവിധ സർക്കാർ വകുപ്പുകളുമായി ഏകോപിപ്പിച്ച് വിപുലമായ സംവിധാനങ്ങളാണ് മന്ത്രാലയം ഒരുക്കിയിട്ടുള്ളത്. തീർത്ഥാടകരുടെ താമസം, ഭക്ഷണം, ഗതാഗതം എന്നിവയുടെ പ്രവർത്തന സജ്ജീകരണങ്ങൾ മിനായിൽ പൂർത്തിയായിട്ടുണ്ട്. എന്തെങ്കിലും തരത്തിലുള്ള തടസ്സങ്ങൾ ഉണ്ടായാൽ അത് ഉടനടി പരിഹരിക്കുന്നതിനായി ഫീൽഡ് മോണിറ്ററിംഗ് ശക്തമാക്കിയിട്ടുണ്ട്. കൂടാതെ ക്രൗഡ് മാനേജ്മെന്റ് ആൻഡ് ജോയിന്റ് ഓപ്പറേഷൻസ് സെന്റർ, മോണിറ്ററിംഗ് ആൻഡ് കൺട്രോൾ സെന്റർ, കോംപ്ലയൻസ് സെന്റർ എന്നിവയുടെ നിരന്തരമായ നിരീക്ഷണത്തിലാണ് ഹജ്ജ് സർവീസുകൾ പുരോഗമിക്കുന്നത്. യാത്രാ തടസ്സങ്ങളോ സേവനങ്ങളിലെ കുറവുകളോ ഉണ്ടായാൽ അത് പരിഹരിക്കാനുള്ള വിവരങ്ങൾ കൺട്രോൾ റൂമുകളിൽ നിന്നും അതത് സമയങ്ങളിൽ ഫീൽഡ് ടീമുകൾക്ക് കൈമാറുന്നുണ്ട്.
ഹജ്ജ് ഒരുക്കങ്ങളുടെ ഭാഗമായി ദുൽഖഅദ് മാസം മുതൽ വിവിധ സർവീസ് കേന്ദ്രങ്ങളിൽ മന്ത്രാലയം 83,000-ത്തിലധികം കർശനമായ ഫീൽഡ് പരിശോധനകൾ നടത്തിയിട്ടുണ്ട്. തീർത്ഥാടകരുടെ താമസസ്ഥലങ്ങൾ, ഹോസ്പിറ്റാലിറ്റി സെന്ററുകൾ, മിനായിലെ ക്യാമ്പുകൾ എന്നിവടങ്ങളിലെല്ലാം നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഈ പരിശോധനകളിലൂടെ സാധിച്ചിട്ടുണ്ട്. ഈ വർഷത്തെ ഹജ്ജ് സീസൺ ഏറ്റവും വിജയകരമാക്കാനും തീർത്ഥാടകർക്ക് സുഗമമായ അന്തരീക്ഷം ഒരുക്കാനും രാജ്യം പൂർണ്ണ സജ്ജമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.



