സുഫൈദയുടെ മരണം: ശരീരത്തിൽ പുതിയ മർദ്ദനമേറ്റ പാടുകൾ; ഭർതൃവീട്ടുകാരുടെ ക്രൂരത പുറത്തുവിട്ട് ഇൻക്വസ്റ്റ് റിപ്പോർട്ട്

കാസറഗോഡ്: പാണലത്ത് ഭർതൃവീട്ടിൽ വെച്ച് യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കിയ ദാരുണ സംഭവത്തിൽ, ഭർതൃവീട്ടുകാരുടെ ക്രൂരമായ പീഡനങ്ങൾ വെളിപ്പെടുത്തുന്ന ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്തുവന്നു. മരിച്ച ചർലടുക്ക സ്വദേശി സുഫൈദയുടെ (24) ശരീരത്തിൽ പലയിടങ്ങളിലായി ക്രൂരമായി മർദ്ദനമേറ്റ പാടുകൾ കണ്ടെത്തിയതായാണ് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഇവയെല്ലാം മരണത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ സംഭവിച്ച പുതിയ പാടുകളാണെന്ന് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാനഗർ പോലീസ് അറസ്റ്റ് ചെയ്ത സുഫൈദയുടെ ഭർത്താവ് കെ.എം. മുഹമ്മദ് ആദിലിനെ കോടതി റിമാൻഡ് ചെയ്തു. ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം എന്നീ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ ഭർതൃമാതാവിനെയും രണ്ടാം പ്രതിയായി പോലീസ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സുഫൈദയുടെ പക്കലുണ്ടായിരുന്ന സ്വർണം ആവശ്യപ്പെട്ട് ഭർത്താവും ഭർതൃമാതാവും നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി യുവതിയുടെ കുടുംബം ആരോപിക്കുന്നു. ഭർതൃവീട്ടുകാരുടെ കൺമുന്നിൽ വെച്ചാണ് സുഫൈദ അതീവ മാരകമായ ആസിഡ് എടുത്തു കുടിച്ചത്. തുടർന്ന് ഗുരുതരാവസ്ഥയിലായ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർതൃപീഡനത്തെത്തുടർന്നാണ് സുഫൈദ ജീവനൊടുക്കിയതെന്ന് കാണിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്ത ഭർത്താവ് ആദിലിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷമാണ് പോലീസ് അറസ്റ്റിലേക്ക് കടന്നത്. ഇൻക്വസ്റ്റ് റിപ്പോർട്ടിൽ മർദ്ദനത്തിന്റെ കൃത്യമായ തെളിവുകൾ പുറത്തുവന്ന പശ്ചാത്തലത്തിൽ, പ്രതികൾക്കെതിരെ കൂടുതൽ ശക്തമായ വകുപ്പുകൾ ചുമത്താനാണ് വിദ്യാനഗർ പോലീസിന്റെ തീരുമാനം.

Related Articles

- Advertisement -spot_img

Latest Articles