ചേർത്തല: അഴിമതിക്കെതിരായ നടപടികളുടെ ഭാഗമായി വിജിലൻസ് നടപ്പിലാക്കുന്ന ‘പ്രോജക്ട് സീറോ’യുടെ ഭാഗമായി നടത്തിയ മിന്നൽ പരിശോധനയിൽ, കൈക്കൂലി വാങ്ങുന്നതിനിടെ ചേർത്തല ഡിവൈ.എസ്.പി ടി. അനിൽകുമാറിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. മലിനജലം ശേഖരിച്ച് ചേർത്തല നഗരസഭയുടെ എസ്.ടി.പി പ്ലാന്റിലെത്തിക്കുന്ന വാഹന ഉടമയിൽ നിന്ന് 50,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇദ്ദേഹം പിടിയിലായത്.
ചേർത്തല ഡിവൈ.എസ്.പിയായി ചുമതലയേറ്റതിന് ശേഷം മലിനജലം കൊണ്ടുപോകുന്ന വാഹനങ്ങൾ അനിൽകുമാർ തുടർച്ചയായി കസ്റ്റഡിയിലെടുത്തിരുന്നു. വാഹന ഉടമയുമായി സംസാരിച്ചപ്പോൾ എല്ലാ മാസവും 25,000 രൂപ വീതം കൈക്കൂലി നൽകണമെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ ഇത് നൽകാൻ കഴിയില്ലെന്ന് ഉടമ അറിയിച്ചു. തുടർന്ന് തന്റെ വീടിന്റെ പണി നടക്കുന്നതിനാൽ സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നും, ഒറ്റത്തവണയായി രണ്ട് ലക്ഷം രൂപ നൽകണമെന്നും ഡിവൈ.എസ്.പി നിർബന്ധം പിടിച്ചു.
പണം നൽകാൻ തയ്യാറാകാതിരുന്നതോടെ വാഹനങ്ങൾ വീണ്ടും പോലീസ് കസ്റ്റഡിയിലെടുത്തു. ഇതോടെ വാഹന ഉടമ വിവരം ആലപ്പുഴ വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിച്ചു. തുടർന്ന് വിജിലൻസ് സംഘം ആസൂത്രണം ചെയ്ത കെണിയിൽ ഡിവൈ.എസ്.പി കുടുങ്ങുകയായിരുന്നു. ഇന്ന് വൈകിട്ട് ചേർത്തലയിലെ സ്വന്തം വാടകവീട്ടിൽ വെച്ച് പണം കൈമാറുന്നതിനിടെ വിജിലൻസ് സംഘം ഇദ്ദേഹത്തെ കൈയോടെ പിടികൂടുകയായിരുന്നു.



