ടെഹ്റാൻ: ലബനനിലെ ഇസ്രായേലിന്റെ തുടർച്ചയായ വ്യോമാക്രമണങ്ങൾക്കും വെടിനിർത്തൽ കരാർ ലംഘനങ്ങൾക്കും മറുപടിയായി ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ സമുദ്ര വ്യാപാര പാതകളിലൊന്നായ ഹോർമുസ് കടലിടുക്ക് അടച്ചതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് നേവി പ്രഖ്യാപിച്ചു. ഇതുവഴി കടന്നുപോകുന്ന എല്ലാ അന്താരാഷ്ട്ര കപ്പലുകൾക്കും ഇറാന്റെ നാവികസേന കടുത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. യാതൊരു കാരണവശാലും കപ്പലുകൾ ഹോർമുസ് കടലിടുക്കിന് സമീപത്തേക്ക് വരാൻ പാടില്ലെന്നും, ഈ മുന്നറിയിപ്പ് അവഗണിച്ച് മുന്നോട്ട് പോകുന്ന കപ്പലുകളുടെ സുരക്ഷ കടുത്ത അപകടത്തിലാകുമെന്നും ഐ.ആർ.ജി.സി പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ കട്ടപ്പിച്ചു പറയുന്നു.
ലബനനിൽ ഇസ്രായേൽ നടത്തുന്ന ക്രൂരമായ ആക്രമണങ്ങളും, മേഖലയിലെ വെടിനിർത്തൽ കരാർ വ്യവസ്ഥകൾ പാലിക്കുന്നതിൽ അമേരിക്കൻ ഭരണകൂടം പരാജയപ്പെട്ടതുമാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നീങ്ങാൻ കാരണമെന്ന് ഇറാൻ വ്യക്തമാക്കുന്നു. ആഗോള എണ്ണ വിപണിയുടെ സുപ്രധാന നിയന്ത്രണ കേന്ദ്രമായ ഹോർമുസ് കടലിടുക്കിലൂടെയാണ് ലോകത്തിലെ മൊത്തം എണ്ണ വിതരണത്തിന്റെ വലിയൊരു പങ്കും കടന്നുപോകുന്നത്. ഇറാന്റെ ഈ പുതിയ പ്രഖ്യാപനം ആഗോള ഊർജ്ജ വിപണിയിലും സമുദ്ര സുരക്ഷയിലും വലിയ ആഘാതം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഹോർമുസ് മേഖലയിൽ ഇറാൻ നാവികസേന നിരീക്ഷണം ശക്തമാക്കിയതോടെ പശ്ചിമേഷ്യയിൽ വീണ്ടുമൊരു യുദ്ധഭീതി പരന്നിരിക്കുകയാണ്.



