ബെയ്റൂത്ത്: ഇസ്രായേലും ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയും തമ്മിൽ പുതിയ വെടിനിർത്തൽ കരാർ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം ലബനനിൽ ഇസ്രായേൽ നടത്തിയ കടുത്ത വ്യോമാക്രമണങ്ങളിലും ഡ്രോൺ ആക്രമണങ്ങളിലും ഒരു സൈനികൻ ഉൾപ്പെടെ 32 പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച തെക്കൻ ലബനനിലെ നബാതിയ ജില്ലയിലുണ്ടായ നിരന്തരമായ ആക്രമണങ്ങളിൽ മാത്രം 16 പേർ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലബനൻ സിവിൽ ഡിഫൻസ് ഏജൻസി അറിയിച്ചു. നബാതിയയിലെ ഖ്ഫാർ റെമാൻ ഗ്രാമത്തിലുണ്ടായ ആക്രമണത്തിലാണ് ഒരു ലബനീസ് സൈനികൻ കൊല്ലപ്പെട്ടത്. ടയർ ജില്ലയിലുണ്ടായ മറ്റൊരു ആക്രമണത്തിൽ ബാരിഷ് ഗ്രാമത്തിലെ ഒരേ കുടുംബത്തിലെ അച്ഛനും അമ്മയും രണ്ട് കുട്ടികളും അടക്കം നാല് പേർ ദാരുണമായി കൊല്ലപ്പെട്ടതായി ലബനൻ്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ എൻ.എൻ.എ റിപ്പോർട്ട് ചെയ്തു.
പടിഞ്ഞാറൻ ബെഖാ താഴ്‌വരയിലെ സോഹ്‌മോറിലുള്ള ഒരു വീടിന് നേരെ കുടുംബാംഗങ്ങൾ ഉള്ളിലിരിക്കെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. സിദോൻ ജില്ലയിലെ ഖനാരിതിൽ ഉണ്ടായ ഇസ്രായേൽ ആക്രമണത്തിൽ കുറഞ്ഞത് 7 പേർ കൊല്ലപ്പെടുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലബനൻ്റെ ഹെൽത്ത് എമർജൻസി ഓപ്പറേഷൻസ് സെൻ്റർ വ്യക്തമാക്കി. വെടിനിർത്തൽ കരാറിലെ ഒന്നാം വകുപ്പ് പ്രകാരം ലബനനിലെ യുദ്ധം അവസാനിപ്പിക്കുക എന്നത് എല്ലാ മുന്നണികളിലുമുള്ള വിപുലമായ വെടിനിർത്തൽ കരാറിൻ്റെ അവിഭാജ്യ ഘടകമാണ്. ലബനനിൽ സ്ഥിരത പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളെ തടസ്സപ്പെടുത്താനാണ് ഇസ്രായേൽ തുടർച്ചയായി ആക്രമണം നടത്തുന്നതെന്ന് ലബനീസ് സൈന്യം പ്രസ്താവനയിൽ കുറ്റപ്പെടുത്തി. ഈ പുതിയ ആക്രമണങ്ങൾ വരാനിരിക്കുന്ന യു.എസ്-ഇറാൻ ചർച്ചകളെ കൂടുതൽ സങ്കീർണ്ണമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം, രാത്രിയിൽ നബാതിയയ്ക്ക് സമീപമുള്ള പ്രദേശത്തേക്ക് മുന്നേറാൻ ശ്രമിച്ച ഇസ്രായേൽ സൈനികരെ തങ്ങൾ ലക്ഷ്യമിട്ടതായി ഹിസ്ബുള്ള ശനിയാഴ്ച അറിയിച്ചു. എന്നാൽ, ഹിസ്ബുള്ള ലബനൻ്റെ തെക്കൻ മേഖലയിൽ പ്രവർത്തിക്കുന്ന തങ്ങളുടെ സൈനികർക്ക് നേരെ 50-ലധികം റോക്കറ്റുകൾ തൊടുത്തതായും സായുധ സംഘടന വെടിനിർത്തൽ കരാർ ലംഘിച്ചതായും ഇസ്രായേൽ സൈന്യവും ആരോപിച്ചു. 2024 നവംബറിലെ വെടിനിർത്തൽ കരാറിനെത്തുടർന്ന്, യു.എസ് പിന്തുണയുള്ള റോഡ്മാപ്പിൻ്റെ ഭാഗമായി ഹിസ്ബുള്ളയെ നിരായുധീകരിക്കാനും തെക്കൻ ലബനനിൽ നിന്ന് ഇസ്രായേൽ സൈന്യത്തെ പൂർണ്ണമായി പിൻവലിക്കാനും ലബനൻ സർക്കാർ ശ്രമിച്ചുവരികയായിരുന്നു. ഈ മാസം ആദ്യം ഉണ്ടായ കരാർ വ്യവസ്ഥകൾ പ്രകാരം ഹിസ്ബുള്ള ലിതാനി നദിക്ക് വടക്കോട്ട് പിന്മാറണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇസ്രായേലിൻ്റെ പൂർണ്ണമായ പിന്മാറ്റത്തെക്കുറിച്ച് കൃത്യമായി പറയുന്നില്ല. നിലവിലെ സാഹചര്യങ്ങൾ വെടിനിർത്തൽ കരാറിന്റെ ആയുസ്സിനെക്കുറിച്ച് വലിയ ആശങ്കകളാണ് ഉയർത്തുന്നത്.



