റിയാദ്: ‘ഹൊറൈസൺസ് 2026’ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ഇന്ത്യൻ കൾച്ചറൽ ഫൗണ്ടഷൻ (ഐ.സി.എഫ്) റിയാദ് റീജിയൻ വാർഷിക കൗൺസിൽ ബത്തയിലെ ഡി-പാലസ് ഓഡിറ്റോറിയത്തിൽ സമാപിച്ചു. റീജിയനുകീഴിലെ 60 യൂണിറ്റുകളിലും 17 ഡിവിഷനുകളിലും വ്യവസ്ഥാപിതമായി കൗൺസിൽ പ്രക്രിയകൾ പൂർത്തിയാക്കിയ ശേഷമാണ് ഈ കേന്ദ്രീകൃത റീജിയൻ കൗൺസിൽ സംഘടിപ്പിച്ചത്. റീജിയൻ പ്രസിഡന്റ് ഒളമതിൽ മുഹമ്മദ് കുട്ടി സഖാഫിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ഐ.സി.എഫ് നാഷണൽ വെൽഫെയർ സെക്രട്ടറി ലുക്മാൻ പാഴൂർ ഉദ്ഘാടനം ചെയ്തു. റീജിയൻ ജനറൽ സെക്രട്ടറി ഇബ്രാഹിം കരീം കൗൺസിലർമാർക്ക് സ്വാഗതം ആശംസിച്ചു.
സൗദി നാഷണൽ ജനറൽ സെക്രട്ടറി സിറാജ് കുറ്റ്യാടി കൗൺസിൽ നടപടികൾക്ക് നേതൃത്വം നൽകി. സംഘടനയുടെ കഴിഞ്ഞകാല പ്രവർത്തനങ്ങളെ സമഗ്രമായി വിലയിരുത്താനും പോരായ്മകൾ പരിഹരിച്ച് കൂടുതൽ കരുത്തോടെ പ്രസ്ഥാനത്തെ മുന്നോട്ട് നയിക്കാനുമുള്ള മികച്ച അവസരങ്ങളാണ് ഇത്തരം കൗൺസിലുകളെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സൗദി തലസ്ഥാന നഗരിയായ റിയാദിന്റെ വളർച്ചയ്ക്ക് അനുസൃതമായി പ്രസ്ഥാനത്തെയും വളർത്തിയെടുക്കണമെന്നും, സമൂഹത്തിലെ അശരണർക്കും ആലംബഹീനർക്കും ആശ്വാസമേകാനുള്ള പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടുകൊണ്ട് ഐ.സി.എഫ് ‘പ്രവാസികളുടെ അഭയം’ എന്ന മുദ്രാവാക്യത്തിന് കരുത്തു പകരണം. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ഐസിഎഫ് കെയർ, വി ലിസൺ തുടങ്ങിയ പദ്ധതികൾ സമൂഹത്തിനിടയിൽ കൂടുതൽ പ്രചരിപ്പിക്കണമെന്നും നാഷണൽ സെക്രട്ടറി അഭ്യർത്ഥിച്ചു.

തുടർന്ന് പ്രസ്ഥാനത്തിന്റെ കഴിഞ്ഞകാല പ്രവർത്തനങ്ങളെ അടയാളപ്പെടുത്തുന്ന ജനറൽ റിപ്പോർട്ട് ഇബ്രാഹിം കരീമും ഫിനാൻഷ്യൽ റിപ്പോർട്ട് അബ്ദുൽ മജീദ് താനാളൂരും അവതരിപ്പിച്ചു. വിവിധ വകുപ്പുകളുടെ റിപ്പോർട്ട് സമർപ്പണവും ചടങ്ങിൽ നടന്നു. ഓപ്പറേഷൻ അഫയേഴ്‌സ് ഡയറക്ടറേറ്റിൽ ഓർഗനൈസേഷൻ റിപ്പോർട്ട് ലത്തീഫ് മിസ്ബാഹിയും, അഡ്മിൻ & ഐ.ടി റിപ്പോർട്ട് ലത്തീഫ് മാനിപുരവും, പി.ആർ & മീഡിയ റിപ്പോർട്ട് അബ്ദുൽ ഖാദർ പള്ളിപ്പമ്പും അവതരിപ്പിച്ചു. ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്‌മെന്റ് ഡയറക്ടറേറ്റിൽ നോളജ് വിഭാഗം റിപ്പോർട്ട് അസീസ് പാലൂരും,തസ്കിയ & വുമൺ എംപവർമെന്റ് റിപ്പോർട്ട് ജാബിറലി പത്തനാപുരവും, ഹാർമണി & എമിനൻസ് റിപ്പോർട്ട് ഇസ്മായിൽ സഅദിയും, മോറൽ എഡ്യൂക്കേഷൻ റിപ്പോർട്ട് ശൗക്കത്തലി സഅദിയും അവതരിപ്പിച്ചു. സോഷ്യൽ സർവീസ് ഡയറക്ടറേറ്റിൽ വെൽഫെയർ & സർവീസ്, പബ്ലിക്കേഷൻസ് എന്നിവയുടെ റിപ്പോർട്ട് റസാഖ് വയൽക്കരയും, ഇക്കണോമിക്സ് റിപ്പോർട്ട് മൻസൂർ പാലത്തും അവതരിപ്പിച്ചു.
കഴിഞ്ഞകാല പ്രവർത്തനങ്ങളെ വിലയിരുത്തുന്ന സെൽഫ് അസസ്മെന്റ് റിപ്പോർട്ടുകൾക്കും തുടർന്ന് ഭാവി പ്രവർത്തനങ്ങൾക്ക് വഴികാട്ടിയാവുന്ന സംഘടനാ ശാക്തീകരണ ചർച്ചകൾ നടന്നു. ഐ.സി.എഫ്. നാഷണൽ നേതാക്കളായ ഉമർ പന്നിയൂർ, അഷ്‌റഫ് അലി, റിയാദ് റീജിയൻ മെന്റർ ഹാരിസ് ജൗഹരി, അബ്ദുസ്സലാം പാമ്പരുത്തി, മുജീബ് എറണാകുളം, ശുകൂർ മടക്കര എന്നിവർ സംബന്ധിച്ചു. പുതുതായി ചുമതലയേറ്റ ഓർഗനൈസേഷൻ സെക്രട്ടറി ജാബിറലി പത്തനാപുരം നന്ദി പ്രകാശിപ്പിച്ചു.



