സൗദിയിൽ മരണപ്പെട്ട കോഴിക്കോട് എടക്കാട് സ്വദേശി മുന്ന സാഹിലിന്റെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

ഹഫർ അൽ ബാത്തിൻ: സൗദി അറേബ്യയിലെ ഹഫർ അൽ ബാത്തിനിൽ മരണപ്പെട്ട കോഴിക്കോട് എടക്കാട് പുതിയങ്ങാടി സ്വദേശിയായ ഉഴുത്താൽ പറമ്പിൽ മുന്ന സാഹിൽ (26)ന്റെ മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച് ഖബറടക്കി.

കഴിഞ്ഞ നാല് വർഷമായി ഹഫർ അൽ ബാത്തിനിലെ ഒരു ഭക്ഷ്യവസ്തു വിതരണ കമ്പനിയിൽ കാഷ്യറായി ജോലി ചെയ്ത് വരികയായിരുന്നു മുന്ന സാഹിൽ. ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ ഗോഡൗണിനോട് ചേർന്നുള്ള നിർമാണത്തിലിരുന്ന കെട്ടിടത്തിലാണ് ഒരാഴ്ച മുമ്പ് അദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് സൗദി പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുകയും ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയത്.

ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ഒ.ഐ.സി.സി ഹഫർ അൽ ബാത്തിൻ പ്രസിഡന്റ് വിബിൻ മറ്റത്ത് പൂർത്തിയാക്കി. തുടർന്ന് മൃതദേഹം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ച ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി. പിന്നീട് മൃതദേഹം എടക്കാട് പുതിയങ്ങാടിയിലെ കോയ റോഡ് തെരുവത്ത് ജുമാ മസ്ജിദിൽ (കബർസ്ഥാൻ പള്ളി) എത്തിച്ചു. മയ്യിത്ത് നിസ്കാരത്തിന് ശേഷം ഖബറടക്കം നടത്തി. അഷ്റഫ്–സാഫിയ ദമ്പതികളുടെ മകനാണ് മുന്ന സാഹിൽ. സഹോദരൻ: നിഹാൽ റോഷൻ.

അഞ്ച് മാസം മുമ്പ് വിവാഹനിശ്ചയം കഴിഞ്ഞ മുന്ന സാഹിൽ, പുതിയ വീട്ടിലെ ഗൃഹപ്രവേശ ചടങ്ങിൽ പങ്കെടുക്കാനും മാസങ്ങൾക്ക് ശേഷം നിശ്ചയിച്ചിരുന്ന വിവാഹത്തിനുള്ള ഒരുക്കങ്ങൾ ആരംഭിക്കാനുമായി ഈ മാസം 26-ന് നാട്ടിലേക്ക് മടങ്ങാനിരിക്കെയായിരുന്നു ഈ ദാരുണ സംഭവം ഉണ്ടായത്. മുന്ന സാഹിലിന്റെ അപ്രതീക്ഷിത വിയോഗം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും നാട്ടുകാരെയും പ്രവാസി സമൂഹത്തെയും ദുഃഖത്തിലാഴ്ത്തി.

 

Related Articles

- Advertisement -spot_img

Latest Articles