റിയാദിൽ ഐ.സി.എഫ് ‘എഡ്ഗ്ലോ 2026’ പുരസ്കാരങ്ങൾ വിതരണം ചെയ്തു

റിയാദ്: പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പൊതുപരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച മിടുക്കരായ വിദ്യാർത്ഥികൾക്കായി ഐ.സി.എഫ് റിയാദ് സംഘടിപ്പിച്ച ‘എഡ്ഗ്ലോ 2026’ എഡ്യൂക്കേഷൻ എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു. ബത്ഹയിലെ ഡി പാലസ് ഓഡിറ്റോറിയത്തിൽ വെച്ച് പ്രൗഢമായി നടന്ന ചടങ്ങിൽ ഐ.സി.എഫ് റിയാദ് റീജിയൻ പ്രസിഡന്റ് ഒളമതിൽ മുഹമ്മദ് കുട്ടി സഖാഫി പ്രാർത്ഥന നിർവഹിച്ചു. എച്ച്.ആർ.ഡി പ്രസിഡന്റ് ലത്തീഫ് മിസ്ബാഹിയുടെ അധ്യക്ഷതയിൽ ചേർന്ന സംഗമം അലിഫ് ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ മുസ്തഫ മാസ്റ്റർ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

ആധുനിക കാലഘട്ടം വിദ്യാർത്ഥികൾക്ക് മുന്നിൽ തുറന്നിടുന്നത് അനന്തമായ സാധ്യതകളാണെന്നും, കുട്ടികളുടെ നൈപുണ്യ വികസനത്തിന് രക്ഷിതാക്കൾ പൂർണ്ണ പിന്തുണ നൽകണമെന്നും അദ്ദേഹം ചടങ്ങിൽ ഓർമ്മിപ്പിച്ചു. എണ്ണമറ്റ അവസരങ്ങളിലേക്ക് വഴിതുറക്കുന്ന മികച്ച തുടർവിദ്യാഭ്യാസ കോഴ്സുകൾ കൃത്യമായ ലക്ഷ്യബോധത്തോടെ തിരഞ്ഞെടുക്കാൻ വിദ്യാർത്ഥികൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിനോടനുബന്ധിച്ച് ഡോ. അബ്ദുൽ അസീസ് വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മയക്കുമരുന്ന് ഉപയോഗം മാത്രമല്ല, പുതിയ കാലത്ത് ഇന്റർനെറ്റ് അഡിക്ഷൻ അഥവാ ഡിജിറ്റൽ ലഹരിയും പുതിയ വിദ്യാർത്ഥി തലമുറയെ ഗുരുതരമായി ബാധിക്കുന്നുണ്ടെന്നും, ഇതിനെതിരെ സമൂഹവും കുടുംബങ്ങളും ഒന്നുപോലെ അതീവ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം തന്റെ സന്ദേശത്തിൽ വ്യക്തമാക്കി.

തുടർന്ന് നടന്ന ചടങ്ങിൽ മുസ്തഫ മാസ്റ്റർ, ഡോ. അബ്ദുൽ അസീസ്, ലുഖ്മാൻ പാഴൂർ, ഉമർ മുസ്‌ലിയാർ പന്നിയൂർ, അബ്ദുസ്സലാം പാമ്പുരുത്തി, അഷ്‌റഫ്‌ അലി, ശുകൂർ മടക്കര, ഇബ്രാഹിം കരീം, ബഷീർ മിസ്ബാഹി, മജീദ് താനാളൂർ, മുഹമ്മദ് കുട്ടി സഖാഫി ഒളമതിൽ തുടങ്ങിയ പ്രമുഖർ പരീക്ഷകളിൽ മികച്ച വിജയം നേടിയ പ്രതിഭകൾക്കുള്ള പുരസ്കാരങ്ങൾ കൈമാറി. പരിപാടിയിൽ ഐ.സി.എഫ് നോളജ് സെക്രട്ടറി അസീസ് പാലൂർ സ്വാഗതവും ഐ.സി.എഫ് റിയാദ് റീജിയൻ ജനറൽ സെക്രട്ടറി ഇബ്രാഹിം കരീം നന്ദിയും രേഖപ്പെടുത്തി.
.

Related Articles

- Advertisement -spot_img

Latest Articles